സ്വന്തമായി,കപ്പലും വിമാനവും സ്‌പേസ് സ്റ്റേഷനും വരെ നമ്മൾ ഉണ്ടാക്കിക്കഴിഞ്ഞു. അത്രമേൽ മനുഷ്യർ വികസിതരായിക്കഴിഞ്ഞു. എന്നാൽ, ഇത് അതിനൊക്കെ മേലെയാണ്. സ്വന്തമായി ഒരു കൃത്രിമ സൂര്യനെയാണ് ഇത്തവണ നിർമ്മിച്ചിരിക്കുന്നത്. ദക്ഷിണകൊറിയയാണ് ശാസ്ത്ര ലോകത്ത് അസൂയാവഹമായ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. 2023 ഡിസംബറിനും 2024 ഫെബ്രുവരിക്കും ഇടയില്‍ നടത്തിയ പരീക്ഷണങ്ങളില്‍ ശാസ്ത്രജ്ഞരുടെ സംഘം 48 സെക്കന്‍ഡ് നേരത്തേക്ക് 100 ദശലക്ഷം ഡിഗ്രി സെല്‍ഷ്യസ് പ്ലാസ്മ താപനില വിജയകരമായി കൈവരിച്ചെന്ന് വാര്‍ത്ത ഏജന്‍സിയായ സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2021 -ല്‍ സ്ഥാപിച്ച 30 സെക്കന്‍ഡിന്റെ മുന്‍കാല റെക്കോഡാണ് ഇതോടെ പഴങ്കഥയായത്.
ന്യൂക്ലിയര്‍ ഫ്യൂഷന്‍ റിയാക്ടര്‍ എന്ന് വിളിക്കപ്പെടുന്ന കൊറിയ സൂപ്പര്‍കണ്ടക്റ്റിംഗ് ടോകാമാക് അഡ്വാന്‍സ്ഡ് റിസര്‍ച്ച് (KSTAR) ഉപകരണം ഉപയോഗിച്ചാണ് ദക്ഷിണ കൊറിയന്‍ ശാസ്ത്രജ്ഞര്‍ നേട്ടം കൈവരിച്ചത്. ഉയര്‍ന്ന താപനിലയുള്ള പ്ലാസ്മയുടെ അസ്ഥിര സ്വഭാവം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്കിടയിലും, സമഗ്രമായ ഹാര്‍ഡ്വെയര്‍ പരിശോധനയും തയ്യാറെടുപ്പുമാണ് വിജയത്തിലേയ്ക്ക് നയിച്ചതെന്ന് KSTAR റിസര്‍ച്ച് സെന്റര്‍ ഡയറക്ടര്‍ സി-വൂ യൂന്‍ പറഞ്ഞു. പരീക്ഷണം വഴി കൈവരിച്ച താപനില സൂര്യന്റെ കാമ്പിന്റെ ഏഴിരട്ടിയാണെന്നും, അതായത് 15 ദശലക്ഷം ഡിഗ്രി സെല്‍ഷ്യസ് ആണെന്നു വിദഗ്ധര്‍ പറയുന്നു.
2026 ഓടെ പരീക്ഷണ ദൈര്‍ഘ്യം 300 സെക്കന്‍ഡായി വര്‍ധിപ്പിക്കാന്‍ ടീം ലക്ഷ്യമിടുന്നു. 100 ദശലക്ഷം ഡിഗ്രി സെല്‍ഷ്യസിന്റെ പ്ലാസ്മ താപനില നിലനിര്‍ത്തുകയും ലക്ഷ്യങ്ങളില്‍ ഉള്‍പ്പെടുന്നു. ഫ്യൂഷന്‍ എനര്‍ജിയുടെ വാണിജ്യവല്‍ക്കരണം മുന്നോട്ട് കൊണ്ടുപോകുന്നതിനു കെഎസ്ടിഎആറിന്റെ പ്രവര്‍ത്തനങ്ങള്‍ വളരെയധികം സഹായിക്കുമെന്ന് യൂന്‍ പറഞ്ഞു.