തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും ഇത്തവണ വൈകില്ല. കേന്ദ്രത്തിൽ നിന്ന് 4000 കോടി എത്തിയതോടെ സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് താത്കാലിക ആശ്വാസമായി. എല്ലാ സംസ്ഥാനങ്ങള്‍ക്കും കൂടി മൊത്തം 1.42 ലക്ഷം കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.
ഫെബ്രുവരി 12ന് എല്ലാ സംസ്ഥാനങ്ങള്‍ക്കും കൂടി 71,061 കോടി രൂപ നല്‍കിയിരുന്നു. ഫെബ്രുവരിയില്‍ ഇതോടെ മൂന്ന് ഗഡുക്കളാണ് സംസ്ഥാനങ്ങള്‍ക്ക് ലഭിച്ചത്. 2736 കോടി നികുതി വിഹിതവും ഐ.ജി.എസ്.ടി വിഹിതവും കേന്ദ്രത്തിൽ നിന്നും ലഭിച്ചു. കേന്ദ്രം കേരളത്തിന് അവകാശപ്പെട്ട പണം നൽകാതെ തടഞ്ഞുവെച്ചതോടെയാണ് സംസ്ഥാനത്ത് പ്രതിസന്ധി കൂടിയതെന്ന് ധനമന്ത്രി ആരോപിച്ചിരുന്നു.
അതേ സമയം, പണലഭ്യത ഉറപ്പാക്കാന്‍ ലക്ഷ്യമിട്ട് ട്രഷറി വകുപ്പ് ഹ്രസ്വകാല സ്ഥിര നിക്ഷേപങ്ങളുടെ പലിശ കൂട്ടിയിരിക്കുകയാണ്. മാർച്ച് 1 മുതൽ 25 വരെയുള്ള നിക്ഷേപത്തിനാണ് ഉയർന്ന പലിശ നിരക്ക്. 91 ദിവസത്തെ നിക്ഷേപത്തിന് പലിശ നിരക്ക് 5.9 ശതമാനത്തിൽനിന്ന് 7.5 ശതമാനമാക്കി ഉയർത്തി. ഇത് ഇന്നുമുതൽ നടപ്പിലാക്കും.