പട്ന: ബിഹാറിൽ ജെഡിയു നേതാവ് നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ നിതീഷ് കുമാറിന് സത്യവാചകം ചൊല്ലിക്കൊടുത്തു. ഇത് ഒൻപതാം തവണയാണ് നിതീഷ് ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. സമ്രാട്ട് ചൗധരി, വിജയ് സിൻഹ എന്നിവർ ഉപമുഖ്യമന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു.
രാവിലെ നിതീഷ് കുമാർ ഗവർണർക്ക് രാജിക്കത്ത് സമർപ്പിച്ചിരുന്നു. ജെഡിയു– ആർജെഡി– കോൺഗ്രസ് മഹാസഖ്യ മുന്നണി വിട്ടാണ് ജെഡിയും വീണ്ടും ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ സഖ്യത്തിനൊപ്പം ചേരുന്നത്. ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ ഉൾപ്പെടെയുള്ളവർ സത്യപ്രതിജ്ഞ ചടങ്ങിന് സന്നിഹിതരായി. ജെഡിയു എംഎൽഎമാരുടെ നിയമസഭാകക്ഷി യോഗം പൂർത്തിയായതിനു പിന്നാലെയാണ് നിതീഷ് ഗവർണറെ കണ്ട് രാജിക്കാര്യം അറിയിച്ചത്.
അതേസമയം നിതീഷിനൊപ്പം ചില കോൺഗ്രസ് എംഎൽഎമാരും ബിജെപിയിലേക്കു കൂടുമാറുന്നതായാണ് സൂചന. ആകെയുള്ള 19 എംഎൽഎമാരിൽ 11 എംഎൽഎമാരെ ബന്ധപ്പെടാനാകുന്നില്ലെന്നാണു റിപ്പോർട്ട്. ബിജെപി സംസ്ഥാന നേതൃത്വവും പാർട്ടിയുടെ എംഎൽഎമാരും എംപിമാരുമായി കൂടിക്കാഴ്ച നടത്തും. നരേന്ദ്ര മോദി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി വന്നതിന് ശേഷം മാത്രം ഇത് നാലാം തവണയാണ് നിതീഷ് കുമാർ മുന്നണി മാറുന്നത്.
Read Also: അധ്യാപകന്റെ കൈവെട്ടിയ കേസ്; സവാദിന്റെ ഡിഎന്‍എ പരിശോധന നടത്താൻ എന്‍ഐഎ