കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കി ജില്ലയിലാകെ രാത്രി യാത്ര നിരോധിച്ച് ജില്ലാ കളക്ടർ ഷീബ ജോർജ് ഉത്തരവായി. ഇന്ന് (25) രാത്രി 7 മുതൽ നാളെ രാവിലെ 6 വരെയാണ് നിരോധനം. മണ്ണിടിച്ചിൽ ഭീഷണി ശക്തമായി നിലനിൽക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് കളക്ടർ അറിയിച്ചു. (Night travel banned in Idukki because of heavy rain and landslide threat)
കനത്ത മഴയും മണ്ണിടിച്ചിലും; മൂന്നാറിൽ മണ്ണിടിഞ്ഞ് വീടിന് മുകളിൽ പതിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
മൂന്നാർ: മണ്ണിടിഞ്ഞ് വീടിന് മുകളിൽ പതിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. മൂന്നാർ ലക്ഷം കോളനിയിൽ കുമാറിന്റെ ഭാര്യ മാലയാണ് (38) മരിച്ചത്. വീട്ടിൽ ഇവർ മാത്രമാണ് ഉണ്ടായിരുന്നത്. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചിനാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. (Landslide falls on top of house in Munnar, tragic end for housewife)
ഇവരുടെ ഇളയ മകൻ സ്കൂൾ വിട്ട് വീട്ടിലെത്തിയ സമയത്താണ് വീടിന്റെ അടുക്കള ഭാഗത്ത് മണ്ണിടിഞ്ഞുവീണത്. കരഞ്ഞുകൊണ്ട് പുറത്തേക്കോടിയ മകൻ അയൽവാസികളെ വിവരമറിയിക്കുകയായിരുന്നു. ഇതേ തുടർന്ന് സ്ഥലത്തെത്തിയ അഗ്നി രക്ഷാസനയും നാട്ടുകാരും ചേർന്ന് വീടിന്റെ അടുക്കള ഭാഗത്ത് നിന്ന് മാലയെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.