കൊച്ചി: ഗോകുലം ഗോപാലന്റെ വീട്ടിലും സ്ഥാപനങ്ങളിലും ഇഡിയുടെ പരിശോധന തുടരുന്നു. കേരളത്തിലും തമിഴ്നാട്ടിലുമായി അഞ്ച് കേന്ദ്രങ്ങളിലാണ് റെയ്ഡ് പുരോഗമിക്കുന്നത്.
ചെന്നൈ കോടമ്പാക്കത്തെ ചിട്ടി സ്ഥാപനത്തിലും പരിശോധന തുടരുകയാണ്. ഗോകുലത്തിന്റെ സ്ഥാപനങ്ങളിൽ തുടരുന്ന പരിശോധന ഫെമ, പിഎംഎൽഎ ചട്ടലംഘനങ്ങളെ തുടർന്നെന്ന് ഇഡി പറഞ്ഞു.
1000 കോടിയുടെ വിദേശ വിനിമയ ചട്ടലംഘനം കണ്ടെത്തിയതായാണ് പ്രാഥമിക വിവരം. ഗോകുലം ചിറ്റ് ഫണ്ടുമായി ബന്ധപ്പെട്ട വഞ്ചന കേസുകളിലും പിഎംഎൽഎ അന്വേഷണം നടക്കുന്നുണ്ട്.
കോഴിക്കോട് ഗോകുലത്തിലും ഇഡി റെയ്‌ഡ് നടക്കുന്നുണ്ട്.. അരയിടത്ത് പാലത്തുള്ള ഗോകുലം ഗ്രാൻഡ് കോർപ്പറേറ്റ് ഓഫീസിലും ഗോകുലം ഗ്രാൻ്റ് ഹോട്ടലിലുമാണ് പരിശോധന പുരോഗമിക്കുന്നത്.
11.30യോടെയാണ് കൊച്ചി ഇഡി ഓഫീസിൽ നിന്നുള്ള സംഘം കോർപറേറ്റ് ഓഫീസിലെത്തിയത്. ടാക്സി വാഹനങ്ങളിൽ ഗോകുലം ഹോട്ടലിലെത്തിയ ഇഡി ഉദ്യോഗസ്ഥർ പിന്നീട് ഗോകുലം മാളിലേക്കും പരിശോധനയ്ക്ക് എത്തി.
എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട വിവാദം കത്തിനിൽക്കെ, സിനിമയുടെ നിർമ്മാതാക്കളിൽ ഒരാളായ ഗോകുലം ഗോപാലന്‍റെ സ്ഥാപനത്തില്‍ ഇഡി എത്തിയത് വലിയ രീതിയിൽചര്‍ച്ചയായിട്ടുണ്ട്.
എമ്പുരാൻ സിനിമ ലൈക്ക പ്രൊഡക്ഷൻസുമായി ബന്ധപ്പെട്ട് തര്‍ക്കത്തിലെത്തിയപ്പോൾ അവസാന നിമിഷമാണ് ഗോകുലം ഗോപാലൻ രക്ഷകനായി എത്തിയത്.
പിന്നീട് എമ്പുരാൻ വിവാദമായതോടെ ചില രംഗങ്ങൾ നീക്കം ചെയ്യണമെന്ന് താൻ ആവശ്യപ്പെട്ടുവെന്ന് ഗോകുലം ഗോപാലൻ ചില അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു.