ബിജെപിയിൽ നിന്ന് ആരെല്ലാം മന്ത്രിമാരാകും എന്നീ ചർച്ചകളാണ് ഇപ്പോൾ എൻഡിഎയിൽ പുരോഗമിക്കുന്നത്. വിലപേശാൻ സാധ്യതയുള്ള ടിഡിപിയെയും ജെഡിയുവിനെയും അനുനയിപ്പിക്കുകയാണ് ബിജെപിയുടെ പ്രധാന വെല്ലുവിളി. മന്ത്രിസഭയുടെ സത്യപ്രതിജ്ഞക്ക് രണ്ടുദിവസം മാത്രം ബാക്കി നിൽക്കെ ഘടകകക്ഷികളുമായി ഇന്ന് തന്നെ ചർച്ച പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് ബിജെപി. (Nirmala Sitharaman and Amit Shah may continue in the cabinet)
സർക്കാർ രൂപീകരണ നീക്കങ്ങൾക്ക് തത്കാലം പ്രതിപക്ഷത്തിന്റെ വെല്ലുവിളി ഉയരില്ലെന്ന് ഉറപ്പായതോടെ, ബിജെപി മന്ത്രിമാർ ആരൊക്കെയെന്ന് നിശ്ചയിക്കേണ്ട കടമയിലേക്കാണ് നീങ്ങേണ്ടത്. സഖ്യകക്ഷികളുമായുള്ള ചർച്ചയ്ക്ക് അമിത് ഷാ, ജെപി നദ്ദ, രാജ്നാഥ് സിംഗ് എന്നിവർക്കാണ് ചുമതല.
ആഭ്യന്തരമന്ത്രി സ്ഥാനത്ത് അമിത് ഷായും , ധനമന്ത്രി സ്ഥാനത്ത് നിർമ്മലാ സീതാരാമനും തുടരുമോ എന്നതാണ് നിർണായക ചോദ്യം.സ്മൃതി ഇറാനി, മനേക ഗാന്ധി എന്നീ ബിജെപിയുടെ പ്രധാന വനിതാ മുഖങ്ങൾ തോറ്റതോടെ നിർമ്മല സീതാരാമൻ മന്ത്രിസഭയിൽ ഇടം പിടിക്കാനുള്ള സാധ്യത വർദ്ധിച്ചു.
നിർമ്മലയെ പാർട്ടി സംഘടന രംഗത്തേക്ക് കൊണ്ടുവരാനും ചർച്ച സജീവമാണ്. ആർഎസ്എസിന് പ്രിയപ്പെട്ട നിതിൻ ഗഡ്കരി സുപ്രധാന വകുപ്പിലേക്ക് വീണ്ടുമെത്തും. മുൻ മുഖ്യമന്ത്രിമാരായ ശിവരാജ് സിംഗ് ചൗഹാൻ , മനോഹർലാൽ ഖട്ടർ എന്നിവർ പ്രധാന വകുപ്പുകളിലേക്ക് തന്നെ പരിഗണിക്കപ്പെടും.
ലോക്സഭാ ഫലം വരും മുൻപ് വിവിധ വകുപ്പുകൾ ഏകീകരിച്ച് മന്ത്രാലയങ്ങളുടെ എണ്ണം കുറയ്ക്കാൻ ബിജെപി ആലോചിച്ചിരുന്നു. ബിജെപിക്ക് തനിച്ച് ഭൂരിപക്ഷമില്ലാത്ത സാഹചര്യം മുതലാക്കി ജെഡിയു ,ടിഡിപി, എന്നീ പാർട്ടികൾ കൂടുതൽ പദവികൾക്കായി രംഗത്തുണ്ട്. ഈ സാഹചര്യത്തിൽ മന്ത്രാലയങ്ങളുടെ എണ്ണം കുറയ്ക്കാനിടയില്ല എന്നാണ് റിപ്പോർട്ടുകൾ.
ആന്ധ്രാപ്രദേശിന് പ്രത്യേക പദവിയും ലോക്സഭാ സ്പീക്കർ സ്ഥാനം, കേന്ദ്ര മന്ത്രി, സഹമന്ത്രി എന്നിവ ഉൾപ്പെടെ ആറ് സ്ഥാനങ്ങളും ടിഡിപി ആവശ്യപ്പെട്ടെന്നാണ് വിവരം. കൃഷി, വിദ്യാഭ്യാസം ആരോഗ്യം, ഗതാഗതം തുടങ്ങിയ വകുപ്പുകളിൽ ടിഡിപിക്ക് നോട്ടമുണ്ട്. സ്പീക്കർ സ്ഥാനത്തിന് ജെഡിയുവിനും ആഗ്രഹമുണ്ട്.
Read More: കെ രാധാകൃഷ്ണൻെറ രാജി ഉടൻ; മാനന്തവാടി MLA ഒ ആർ കേളു മന്ത്രിയാകും?