ആശങ്കകൾക്ക് വിരാമമിട്ട് ഒടുവിൽ ആ സന്തോഷവാർത്ത എത്തി. ബോയിങ് സ്റ്റാർലൈനർ പേടകത്തിന്റെ പുതിയ വിക്ഷേപണ തീയതിയും സമയവും പ്രഖ്യാപിച്ച് നാസ. സുനിത വില്യംസ് ഉൾപ്പെടെയുള്ളവർ യാത്ര ചെയ്യേണ്ടിയിരുന്ന റോക്കറ്റിലെ വാൽവിൽ തകരാർ കണ്ടെത്തിയതിനെത്തുടർന്ന് ഇന്ത്യൻ സമയം ഇന്ന് രാവിലെ എട്ടിനു ശേഷം നടത്താനിരുന്ന വിക്ഷേപണം മാറ്റിവെച്ചിരുന്നു. എന്നാൽ ഇപ്പോൾ പുതിയ സമയം പ്രഖ്യാപിച്ചിരിക്കുകയാണ്. മെയ് 10ന് പ്രാദേശിക സമയം രാത്രി 9ന് ( ഇന്ത്യൻ സമയം മെയ് 11 രാവിലെ ആറരയ്ക്ക് ) സ്റ്റാർ ലൈനർ വിക്ഷേപിക്കുമെന്ന് നാസ അറിയിച്ചു. ഫ്ലോറിഡയിലെ വിക്ഷേപണ കേന്ദ്രത്തിൽ നിന്നാണ് സ്റ്റാർ ലൈനർ ഉയരുക. അറ്റ്ലസ് ഫൈവ് റോക്കറ്റിന്റെ ഓക്സിജൻ വാൽവിൽ കണ്ടെത്തിയ തകരാർ പരിഹരിച്ച് വരികയാണെന്ന് നാസ വ്യക്തമാക്കി.
ഇന്ന് രാവിലെ വിക്ഷേപണത്തിന് വെറും രണ്ടു മണിക്കൂർ മുമ്പാണ് പേടകത്തിൽ തകരാർ കണ്ടെത്തിയത്. ഇതോടെ പേടകത്തിൽ കയറിയ സുനിത വില്യംസും ബുച്ച് വിൽമോറും പേടകത്തിൽ നിന്നും പുറത്തിറങ്ങുകയായിരുന്നു. പുതിയ പേടകത്തിൽ പറക്കുന്നതിൽ ആശങ്കകൾ ഒന്നുമില്ലെന്ന് സുനിത വ്യക്തമാക്കിയിരുന്നു.