ബെംഗളൂരു: പണി പൂർത്തിയാകാത്ത കെട്ടിടത്തിന്റെ പതിനാലാം നിലയിൽ നിന്നും വീണ് യുവതി മരിച്ച സംഭവത്തിൽ ദുരൂഹത അകലുന്നില്ല.
ആന്ധ്രപ്രദേശിലെ ചിറ്റൂർ സ്വദേശിനിയായ നന്ദിനി (21)യുടെ മരണത്തിലാണ് ദുരൂഹത കൂടുന്നത്. ബെംഗളുരുവിലെ പരപ്പന അഗ്രഹാരയ്ക്ക് സമീപം റായസന്ദ്രയിലുള്ള കെട്ടിടത്തിൽ നിന്നും വീണാണ് യുവതി മരിച്ചത്.
തിങ്കളാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. നന്ദിനിക്കൊപ്പം രണ്ട് പുരുഷന്മാരും ഒരു യുവതിയും ഇവിടെയുണ്ടായിരുന്നു. റീൽസ് എടുക്കുന്നതിനായാണ് കെട്ടിടത്തിൽ എത്തിയതെന്നാണ് ഇവരുടെ മൊഴി.
എന്നാൽ, ഫോണിൽ ഇവർ വീഡിയോ റെക്കോർഡ് ചെയ്തിരുന്നില്ല എന്നാണ് പൊലീസ് പറയുന്നത്.
അപകടം നടക്കുമ്പോൾ നന്ദിനിക്കൊപ്പമുണ്ടായിരുന്നവരെ വിശദമായി ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പൊലീസ്.
ബെംഗളൂരു പരപ്പന അഗ്രഹാര സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. സുഹൃത്തുക്കൾക്കൊപ്പം പാർട്ടി ആഘോഷത്തിനായാണ് രായസാന്ദ്രയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലേക്ക് നന്ദിനിയും സുഹൃത്തുക്കളും എത്തിയതെന്നാണ് സൂചന.
റീൽസ് എടുക്കുന്നതിനായാണ് നന്ദിനി മുകളിലേക്ക് കയറിയതെന്നും പൊലീസ് പറയുന്നു.
10 വർഷമായി നിർമാണം മുടങ്ങിക്കിടക്കുന്ന കെട്ടിടത്തിൽ ഈ സമയത്ത് സുരക്ഷാ ജീവനക്കാർ ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ട്.
നന്ദിനിക്കൊപ്പം ഒരു വനിതാ സുഹൃത്തും രണ്ട് ആൺസുഹൃത്തുക്കളും ഉണ്ടായിരുന്നു. റീൽസ് എടുക്കുന്നതിനിടെ നന്ദിനി കാൽ വഴുതി താഴേക്ക് വീഴുകയായിരുന്നു എന്നാണ് സുഹൃത്തുക്കളുടെ മൊഴി.
ലിഫ്റ്റ് ഡക്ടറ്റിലേക്കാണ് യുവതി വീണത്. സംഭവത്തെ കുറിച്ച് പരപ്പന അഗ്രഹാര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
യുവതി അബദ്ധത്തിൽ വീണു എന്നാണ് നിഗമനമെങ്കിലും അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്.
നന്ദിനി സൗത്ത് ബംഗളുരുവിൽ പോയിങ് ഗസ്റ്റായി താമസിച്ച് വരികയായിരുന്നു. സൂപ്പർ മാർക്കറ്റിൽ സെയിൽസ് എക്സിക്യൂട്ടീവാണ്.
സംഭവം നടന്ന ദിവസം രാത്രി ജോലി സമയം കഴിഞ്ഞ് സുഹൃത്തായ മറ്റൊരു യുവതിക്കും രണ്ട് യുവാക്കൾക്കുമൊപ്പം നന്ദിനി പുറത്തുപോയി.
രാത്രി എട്ട് മണിയോടെയാണ് ഇവർ നിർമാണം പാതിവഴിയിൽ നിർത്തിയ ഈ അപ്പാർട്ട്മെന്റ് കെട്ടിടത്തിന് അടുത്തെത്തിയത് എന്നാണ് വിവരം.
English Summary :
Mystery persists in the incident where a young woman died after falling from the 14th floor of an unfinished building