ആലപ്പുഴ: വളർത്തുനായയെ സ്റ്റിയറിങ്ങിൽ ഇരുത്തി കാർ ഓടിച്ച പള്ളിവികാരിക്കെതിരെ എംവിഡി കേസെടുത്തു. കൊല്ലം പേരയം മിനി ഭവനിൽ ബൈജു വിൻസന്റിനെതിരെയാണ് ആലപ്പുഴ എൻഫോഴ്സ്മെന്റ് ആർടിഒ കേസെടുത്തത്. MVD filed a case against the church priest who drove the car with a pet dog on the steering wheel
കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. ചാരുംമൂട്ടിൽ നിന്ന് പടനിലത്തേക്ക് യാത്ര ചെയ്യുമ്പോഴായിരുന്നു നായയെ അദ്ദേഹം സ്റ്റിയറിംഗ് വീലിരിരുത്തി വാഹനമോടിച്ചത്.
നിയമ ലംഘനത്തിൻ്റെ ചിത്രം ചിലർ ആർടിഒ ക്ക് കൈമാറിയിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിന് ശേഷം ഇദ്ദേഹത്തിൽ നിന്ന് വിശദീകരണം തേടിയതായി ആർടിഒ രമണൻ പറഞ്ഞു.
മോട്ടോർ വാഹന നിയമപ്രകാരം ഇത് ലംഘനമായതിനാലാണ് കേസെടുത്തെതെന്നും തുടർ നടപടികൾ സ്വീകരിക്കുമെന്നും ആർടിഒ പറഞ്ഞു.
അതേസമയം, ദേവികുളത്ത് ഓടിക്കൊണ്ടിരുന്ന കാറിൽ അപകടകരമായ അഭ്യാസ പ്രകടനങ്ങൾ നടത്തിയ സംഭവത്തിൽ ശക്തമായ നടപടിയെടുക്കാൻ മോട്ടർ വാഹന വകുപ്പ് തീരുമാനമെടുത്തു.
കഴിഞ്ഞയാഴ്ച മൂന്നാർ ഗ്യാപ് റോഡിൽ യാത്രയ്ക്കിടയിൽ യാത്രികർ അഭ്യാസപ്രകടനം നടത്തിയ കാറിന്‍റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യാനും അപകടകരമായ രീതിയിൽ കാറോടിച്ചതിന് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാനുമാണ് തീരുമാനം. ഇടുക്കി എൻഫോഴ്സ്മെൻ്റ് ആർ.ടി.ഒ യുടെതാണ് നടപടി.
അപകടകരമായി വാഹനം ഓടിച്ച വ്യക്തിയോട് ഹാജരാകാൻ നിർദ്ദേശിച്ചിരുന്നു. എങ്കിലും ഇയാൾ എത്തിയില്ല. ഈ സാഹചര്യത്തിലാണ് നടപടി കടുപ്പിക്കാൻ തീരുമാനിച്ചത്. അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിന് ശാന്തൻപാറ പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.