ആലപ്പുഴ: കാറിനുള്ളിൽ ‘ആവേശം’ സ്റ്റൈൽ സ്വിമ്മിംഗ് പൂളിൽ കുളിച്ചു കൊണ്ട് യാത്ര നടത്തിയ യൂട്യൂബർ സഞ്ജു ടെക്കിക്കെതിരെ കുറ്റപത്രം സമർപ്പിച്ച് എംവിഡി. ആലപ്പുഴ മജിസ്ട്രേറ്റ് കോടതിയിൽ എൻഫോഴ്സ്മെന്റ് ആർടിഒ ആണ് കുറ്റപത്രം നല്‍കിയത്. കേസിൽ സഞ്ജുവും കാർ ഓടിച്ച സൂര്യനാരായണനുമാണ് പ്രതികൾ. ഇവര്‍ക്കെതിരെ പ്രൊസിക്യൂഷൻ നടപടികൾ ആരംഭിച്ചു.
ആറ് മാസം മുതൽ ഒരുവർഷം വരെ ജയിൽ ശിക്ഷ ലഭിക്കാവുന്ന അപകടമുണ്ടാക്കുന്ന രീതിയിൽ വണ്ടിയോടിച്ചുവെന്ന കുറ്റമാണ് പ്രതികൾക്കെതിരെ ചുമത്തിയത്. സുരക്ഷിതമല്ലാത്ത വാഹനം റോഡില് ഓടിച്ചതിനുള്ള വകുപ്പും ചുമത്തിയിട്ടുണ്ട്. ഈ കുറ്റത്തിന് മൂന്ന് മാസം തടവ് ശിക്ഷ ലഭിക്കാം. കേസിൽ പ്രതികൾ കോടതിയിൽ വിചാരണ നേരിടണം.
സംഭവത്തിൽ ആർടിഓയുടെ ശിക്ഷാനടപടികളെ പരിഹസിച്ച് സഞ്ജു തന്റെ യുട്യൂബ് ചാനലിൽ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. കേസെടുത്തതിന് ശേഷം തന്‍റെ യുട്യൂബ് ചാനലിന് ലോകം മുഴുവൻ റീച്ച് കൂടിയെന്നും 10 ലക്ഷം രൂപ ചെലവിട്ടാൽ പോലും കിട്ടാത്ത പ്രശസ്തി കിട്ടിയതിന് ഏവർക്കും നന്ദിയുണ്ടെന്നായിരുന്നു വീഡിയോയിലെ ഉള്ളടക്കം. തുടർന്ന് ഹൈക്കോടതിയാണ് പ്രോസിക്യൂഷൻ നടപടി സ്വീകരിക്കാൻ ആർടിഓയോട് നിർദ്ദേശിച്ചത്. സഞ്ജു ടെക്കിയുടെ ടാറ്റാ സഫാരി പോലിസ് കസ്റ്റഡിയിലെക്ക് മാറ്റാനും തീരുമാനിച്ചിട്ടുണ്ട്.
Read Also: ലോക റെക്കോര്‍ഡ്; 64 കോടി പേര്‍ വോട്ട് ചെയ്തു, ചരിത്രപരമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ