കണ്ണൂർ: പൊതുപ്രവർത്തന രംഗത്ത് സജീവമാകുന്നതിനായി മാധ്യമ പ്രവർത്തം അവസാനിപ്പിച്ച എം വി നികേഷ് കുമാറിനെ സിപിഐ(എം) കണ്ണൂർ ജില്ലാ കമ്മിറ്റിയിലേക്ക് ക്ഷണിക്കാൻ തീരുമാനം. തീരുമാനത്തിന് സംസ്ഥാന കമ്മിറ്റി അനുമതി നൽകി.
2016 ൽ കണ്ണൂരിലെ അഴീക്കോട് നിന്ന് എൽഡിഎഫ് സ്ഥാനാർത്ഥിയായി നികേഷ് കുമാർ നിയമസഭയിലേക്ക് മത്സരിച്ചിരുന്നെങ്കിലും മുസ്ലിം ലീഗ് സ്ഥാനാർത്ഥി കെ എം ഷാജിയോട് നികേഷ് കുമാർ പരാജയപ്പെട്ടു.
റിപ്പോർട്ടർ ടിവിയുടെ ഔദ്യോഗിക ചുമതലകളിൽ നിന്ന് എംവി നികേഷ് കുമാർ സ്ഥാനമൊഴിഞ്ഞിരുന്നു. എല്ലാ കാലത്തും തന്റെ ജീവിതത്തിൽ രാഷ്ട്രീയമുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കമ്യൂണിസ്റ്റ് നേതാവും മുൻ മന്ത്രിയുമായിരുന്ന എം വി രാഘവന്റെയും സി വി ജാനകിയുടെയും മകനായി 1973 മെയ് 28 നാണ് എം വി നികേഷ് കുമാറിന്റെ ജനനം. ഏഷ്യാനെറ്റ് ന്യൂസിലാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്.
2003 ൽ കേരളത്തിലെ ആദ്യത്തെ മുഴുവൻ സമയ വാർത്താ ചാനലായി ഇന്ത്യാവിഷൻ ആരംഭിച്ചപ്പോൾ എക്‌സിക്യൂട്ടീവ് എഡിറ്ററായി പ്രവർത്തിച്ചു. 2011ൽ റിപ്പോർട്ടർ ടിവിക്ക് തുടക്കം കുറിച്ചു. രാംനാഥ് ഗോയങ്ക അവാർഡുൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.