ന്യൂഡൽഹി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ കെ രാധാകൃഷ്ണൻ എം പിയ്ക്ക് വീണ്ടും സമൻസ് നൽകി ഇ ഡി. ചോദ്യം ചെയ്യലിനായി നാളെ ഹാജരാകാൻ നിർദേശിച്ചാണ് രണ്ടാം തവണയും സമൻസ് നൽകിയത്. ഡൽഹിയിലെ ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം.
കൊച്ചിയിലെ ഇ ഡി ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം സമൻസ് നൽകിയിരുന്നെങ്കിലും കെ രാധാകൃഷ്ണൻ എത്തിയിരുന്നില്ല. പാർലമെൻറ് സമ്മേളനം നടക്കുന്നതിനാൽ ഇപ്പോൾ ഹാജരാകാൻ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടി രാധാകൃഷ്ണൻ ഇഡിക്ക് കത്തുനൽകുകയായിരുന്നു.
അതേസമയം ഇഡി അന്വേഷണത്തിൽ ഭയമില്ലെന്ന് കെ രാധാകൃഷ്ണൻ നേരത്തെ പ്രതികരിച്ചിരുന്നു. സമൻസിന് പിന്നിൽ രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാനുള്ള ബിജെപിയുടെ നീക്കമാണെന്നാണ് കെ രാധാകൃഷ്ണൻ്റെ ആരോപണം. ഹാജരാവാൻ ആവശ്യപ്പെട്ട് നൽകിയ നോട്ടീസിൽ കേസ് ഏതാണെന്ന് പറഞ്ഞിട്ടില്ല. വ്യക്തിപരമായ സ്വത്തിന്റെ ഉൾപ്പെടെയുള്ള രേഖകൾ ആവശ്യപ്പെട്ടു. പാർലമെന്റ് സമ്മേളനത്തിന് ശേഷം ഹാജരാകാമെന്ന് രേഖാമൂലം അറിയിച്ചതായും കെ രാധാകൃഷ്ണൻ എംപി വ്യക്തമാക്കിയിരുന്നു.
കേസിൽ അന്തിമ കുറ്റപത്രം സമർപ്പിക്കാനിരിക്കെയാണ് കെ രാധാകൃഷ്ണനെ ഇ ഡി ചോദ്യം ചെയ്യാനൊരുങ്ങുന്നത്. കരുവന്നൂർ കള്ളപ്പണ ഇടപാടിലൂടെ ലഭിച്ച പണം പാർട്ടി അക്കൗണ്ടുകളിലേക്ക് എത്തിയെന്നാണ് ഇ ഡി പറയുന്നത്. കരുവന്നൂർ തട്ടിപ്പ് കാലയളവിൽ കെ രാധാകൃഷ്ണനായിരുന്നു സിപിഐഎം തൃശൂർ ജില്ലാ സെക്രട്ടറി.