കൊച്ചി:റിലീസ് ചെയ്യുന്ന പുതിയ സിനിമകൾ തിയേറ്ററില്‍ നിന്ന് മൊബൈലില്‍ പകര്‍ത്തി വ്യാജപതിപ്പ് പ്രചരിപ്പിക്കുന്ന സംഘം പിടിയിൽ. സിനിമ പകർത്തുന്നതിനിടെ മധുരയില്‍ നിന്നുള്ളവരാണ് തിരുവനന്തപുരം ഏരീസ്പ്ലെക്സ് തിയറ്ററില്‍ വെച്ച് പിടിയിലായത്. കാക്കനാട് സൈബര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.( movie captured on mobile phone from theater two in custody)
പൃഥ്വിരാജ് ചിത്രം ‘ഗുരുവായൂരമ്പലനടയില്‍’ റിലീസ് ചെയ്ത് രണ്ടാംദിവസം ചിത്രത്തിന്റെ വ്യാജപതിപ്പ് പ്രചരിച്ചിരുന്നു. ട്രെയിനിലിരുന്ന് ചിലര്‍ മൊബൈല്‍ഫോണില്‍ വ്യാജപതിപ്പ് കാണുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ഇതോടെ നിര്‍മാതാക്കളിലൊരാളായ സുപ്രിയ മേനോനാണ് കാക്കനാട് സൈബര്‍ പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് സൈബര്‍ പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് രണ്ടുപേരെ പിടികൂടിയത്.
തമിഴ്ചിത്രമായ ‘രായന്‍’ മൊബൈല്‍ഫോണില്‍ പകര്‍ത്തുന്നതിനിടെയാണ് രണ്ടുപേരും പിടിയിലായത്. ഇവരെ കാക്കനാട് സൈബര്‍ സ്റ്റേഷനിലെത്തിച്ച് ചോദ്യംചെയ്തുവരികയാണ്. തിരുവനന്തപുരത്തെ തിയേറ്ററില്‍നിന്നാണ് ‘ഗുരുവായൂരമ്പലനടയില്‍’ മൊബൈല്‍ഫോണില്‍ പകര്‍ത്തിയതെന്ന് സൈബര്‍ പോലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായിരുന്നു.