നമ്മൾ ഓരോരുത്തരെയും നമ്മളാക്കി മാറ്റി എടുക്കുന്നതിൽ അമ്മമാർക്കുള്ള പങ്ക് വളരെ വലുതാണ്. ജീവിതത്തിലെ സന്തോഷത്തിലും ദുഖത്തിലും പരാജയങ്ങളിലും ചേർത്ത് പിടിയ്ക്കാനും കൈ പിടിച്ച് ഉയർത്താനും കഴിയുന്ന ഏക വ്യക്തിയാണ് അമ്മ. ഇന്ന് ലോക മാതൃദിനം.
സ്നേഹത്തിന്റെയും സഹനത്തിന്റെയും പ്രതീകമായ അമ്മമാരുടെ ദിനമാണ് ലോക മാതൃദിനമായി ആഘോഷിക്കുന്നത്.
അമ്മയുടെ സ്നേഹവും കരുതലും ലോകം നന്ദിയോടെ സ്മരിക്കുന്ന ദിനം. അമ്മ, ഒരു ദിനം കൊണ്ടല്ല ഒരു യുഗം കൊണ്ടുപോലും നിര്‍വചിക്കാനാവാത്ത രണ്ടക്ഷരമാണ്. അറിയും തോറും ആഴംകൂടുന്ന ഒരൊറ്റ വാക്ക്.
അമ്മയെ ഓർക്കാത്ത ഒരു ദിവസം പോലും കടന്നു പോകരുത്. എത്ര തിരക്കില്ലാണെങ്കിലും അമ്മമാരോട് സംസാരിക്കാൻ സമയം കണ്ടെത്തണം. അതിവേഗം ഓടികൊണ്ടിരിക്കുന്ന ഈ തലമുറയിൽ ആർക്കാണ് അമ്മയെ ഓർക്കാൻ നേരം? മക്കൾ ഭക്ഷണം കഴിച്ചോ എന്ന് തിരക്കുന്ന അമ്മമാരോട്, അവർ ഭക്ഷണം കഴിച്ചോ എന്ന് എപ്പോഴെങ്കിലും തിരക്കാറുണ്ടോ? സ്നേഹത്തോടെ അവരോട് കുറച്ച് നേരം സംസാരിക്കാൻ കഴിയാറുണ്ടോ? വാർദ്ധക്യത്തിലേക്ക് കടക്കുന്ന മാതാപിതാക്കൾ എപ്പോഴും ആഗ്രഹിക്കുന്നത് അവരുടെ മക്കൾ അടുത്ത് ഉണ്ടാകണം എന്നാണ്. സ്വന്തം മക്കൾക്കായി അമ്മമാർ ചിലവാക്കിയ സമയത്തിനും കഷ്ടപ്പാടുകൾക്കും കണക്കില്ല.
അമേരിക്കയിലാണ് മാതൃദിനം ആദ്യം ആഘോഷിച്ചത്. അമ്മ എന്ന അനുഭവത്തെ അമൂല്യമായി അനുഭവിച്ച അന്നാ ജാർവിസാണ് അതിന് തുടക്കമിട്ടത്. 1908 മെയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ച സ്വന്തം അമ്മയുടെ ശവകുടീരത്തിന് മുകളില്‍ അന്ന പുഷ്പങ്ങള്‍ അര്‍പ്പിച്ചു. അന്ന് ആ ചടങ്ങുകള്‍ നടന്ന വിര്‍ജീനിയയിലെ സെന്‍റ് ആന്‍ഡ്രൂസ് മെത്തഡിസ്റ്റ് പള്ളി ഇന്ന് അന്താരാഷ്ട്ര മാതൃദിന പള്ളിയെന്നാണ് അറിയപ്പെടുന്നത്.
110 വര്‍ഷമായി ലോകം മാതൃദിനത്തിൻ്റെ സ്നേഹം ഉൾക്കൊള്ളുന്നു. ആ വാത്സല്യത്തെ അനശ്വരമാക്കുന്നു. ജന്മം നൽകിയ മാതാവിനെയും മാതൃത്വത്തെയും ആദരിക്കുന്ന അസുലഭ സന്ദർഭമാണിത്. ഒരൊറ്റ ദിനം കൊണ്ട് അവസാനിപ്പിക്കുന്നതല്ല ആ സ്നേഹവും കടപ്പാടും.