പാലക്കാട്: സംസ്ഥാനത്തെ സ്കൂളുകളിൽ ഹൈസ്കൂൾ തലം വരെ തമിഴ് മീഡിയത്തിൽ പഠിച്ച ശേഷം ഹയർസെക്കണ്ടറിയിൽ എത്തുന്ന വിദ്യാർത്ഥികൾക്ക് ക്ലാസ്സുകളും ചോദ്യപേപ്പറുകളും തമിഴിൽ ലഭിക്കുന്നില്ലെന്ന് പരാതി. തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന മുതലമടയിലും പരിസരപ്രദേശങ്ങളിലും നിരവധി വിദ്യാർത്ഥികളാണ് തമിഴിൽ വിദ്യാഭ്യാസം തേടുന്നത്. എന്നാൽ ഈ വിദ്യാർത്ഥികളിൽ ഭൂരിഭാഗവും ഹയർ സെക്കൻഡറി വിഭാഗത്തിൽ എത്തുമ്പോൾ തമിഴിൽ ക്ലാസ്സുകളും ചോദ്യ പേപ്പറുകളും കിട്ടാത്തതിനാൽ ബുദ്ധിമുട്ടുകയാണെന്നാണ് ആക്ഷേപം.
മുതലമടയിൽ സർക്കാർ സ്കൂളിൽ തമിഴ് വിഭാഗത്തിൽ പഠിക്കുന്ന നിരവധി വിദ്യാർത്ഥികളാണ് ഇത്തവണ പ്ലസ് ടു പരീക്ഷയിൽ പരാജയപ്പെട്ടത്. പത്താംക്ലാസിൽ 80 ശതമാനത്തിൽ അധികം മാർക്ക് വാങ്ങിയ വിദ്യാർത്ഥികളും ഇതിൽ ഉൾപ്പെടുന്നു എന്നതാണ് കൗതുകകരമായ കാര്യം. വിഷയത്തിൽ ഉടൻ സർക്കാർ ഇടപെടൽ വേണമെന്നാണ് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം. പത്താം ക്ലാസ് വരെ ഇംഗ്ലീഷ്, ഹിന്ദി ഒഴികെ എല്ലാ വിഷയങ്ങളും തമിഴിൽ പഠിച്ചാണ് വിദ്യാർത്ഥികൾ പരീക്ഷ എഴുതിയിരുന്നത്. പ്ലസ്ടുവിൽ എത്തിയപ്പോൾ ക്ലാസ്സുകൾ, പഠന സാമഗ്രഹികൾ, ചോദ്യ പേപ്പറുകൾ എല്ലാം മലയാളത്തിലും ഇംഗ്ലീഷിലുമായി. ഇതോടെ പത്താം ക്ലാസിൽ മികച്ച വിജയം നേടിയ പല വിദ്യാർത്ഥികളും പ്ലസ്ടുവിൽ തോൽവി ഏറ്റുവാങ്ങുകയാണ്. വർഷങ്ങളായി മുതലമട, ചിറ്റൂർ, കൊഴിഞ്ഞാമ്പാറ, വണ്ണാമട പ്രദേശങ്ങളിലെ തമിഴ് വിദ്യാർത്ഥികൾ ഈ ദുരിതം നേരിടാൻ തുടങ്ങിയിട്ട്.
വിദ്യാർത്ഥികളുടെ ദുരവസ്ഥയും സ്കൂളുകളുടെ വിജയശതമാനവും കണക്കിലെടുത്ത് എല്ലാ വർഷവും വിഷയം സർക്കാരിൻ്റെ ശ്രദ്ധയിൽപ്പെടുത്താറുണ്ട് എന്നാൽ ഇടപെടാൻ തയ്യാറാകുന്നില്ലെന്നാണ് ആക്ഷേപം.