കുവൈത്ത് സിറ്റി: കുവൈത്തിലെ അബ്ബാസിയയിൽ മലയാളി ദമ്പതികൾ കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.
സംഭവത്തിൽ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തതാണെന്നാണ് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക അറബ് ദിന പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
വ്യാഴാഴ്ച രാവിലെയാണ് എറണാകുളം സ്വദേശിനി ബിൻസി, ഭർത്താവ് കണ്ണൂർ സ്വദേശി സൂരജ് എന്നിവരെ താമസ സ്ഥലത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
ഇവർ താമസിച്ചിരുന്ന ഫ്ലാറ്റിന്റെ വാതിൽ തുറക്കാത്തതിനെ തുടർന്ന് അയൽക്കാർ ഫർവാനിയ സുരക്ഷാ ഉദ്യോഗസ്ഥർക്ക് വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ സംഭവ സ്ഥലത്ത് എത്തുകയും വാതിലിൽ മുട്ടുകയും ചെയ്തെങ്കിലും വാതിൽ തുറന്നില്ല.
തുടർന്ന് പബ്ലിക് പ്രോസിക്യൂട്ടറിൽ നിന്ന് അനുമതി വാങ്ങിയ ശേഷം സുരക്ഷാ ഉദ്യോഗസ്ഥർ ഫ്ലാറ്റിന് വാതിൽ തകർത്തു അകത്ത് പ്രവേശിക്കുകയായിരുന്നു.
ബിൻസിയുടെ മൃതദേഹം കഴുത്തറത്ത നിലയിലാണ് തറയിൽ കിടന്നിരുന്നത്. റൂമിൽ രക്തം തളം കെട്ടി നിൽക്കുകയും ചെയ്തിരുന്നു.
പിന്നീട് മുറിയുടെ മറ്റൊരു ഭാഗത്താണ് ഭർത്താവിന്റെ മൃതദേഹം കണ്ടെത്തിയത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തതായാണ് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയത് എന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ ദിവസം രാത്രിയിൽ ഫ്ലാറ്റിൽ നിന്ന് ഇരുവരും വഴക്കിടുന്നതിൻ്റെ ശബ്ദവും ബിൻ സിയുടെ നിലവിളിയും കേട്ടിരുന്നതായും അയൽവാസികൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്.
എന്നാൽ വാതിൽ അകത്ത് നിന്ന് പൂട്ടിയതിനാൽ മുറിയിൽ പ്രവേശിക്കാൻ കഴിഞ്ഞില്ലെന്നും അയൽ വാസികൾ പോലീസിന് നൽകിയ മൊഴിയിൽ അറിയിച്ചിട്ടുണ്ട്.
കീഴില്ലം സ്വദേശിയായ ബിൻസിയും ഭർത്താവ് കണ്ണൂർ സ്വദേശി സൂരജും മക്കളെ നാട്ടിൽനിർത്തിയ ശേഷമാണ് തിരിച്ചു കുവൈത്തിലെത്തിയത്. കീഴില്ലം മണ്ണൂർ കുഴൂർ കട്ടക്കയം തോമസിന്റെയും അന്നമ്മയുടെയും മകളാണ് ബിൻസി. കീഴില്ലത്തിനു സമീപത്തുള്ള കുന്നുക്കുരുടിയിലായിരുന്നു കുടുംബം ആദ്യം താമസിച്ചിരുന്നത്. പിന്നീടാണ് കീഴില്ലത്തേക്കു മാറിയത്
വ്യാഴാഴ്ച രാവിലെയാണ് എറണാകുളം പെരുമ്പാവൂർ കീഴില്ലം സ്വദേശി ബിൻസി, ഭർത്താവ് കണ്ണൂർ മണ്ടളം സ്വദേശി സൂരജ് എന്നിവരെ അബ്ബാസിയയിലെ യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ പരിസരത്തുള്ള താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.
മരണമടഞ്ഞ സൂരജ് ആരോഗ്യമന്ത്രാലയത്തിലെയും ബിൻസി പ്രതിരോധ മന്ത്രാലയത്തിലെയും സ്റ്റാഫ് നഴ്‌സുമാരാണ്. ഇവരുടെ രണ്ട് മക്കൾ നാട്ടിലാണ്.