എ എം എം എ സംഘടനയുടെ പ്രസിഡന്റ് പദവിയിലേക്ക് മോഹൻലാൽ തിരികെ വരണമെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേം കുമാർ.”ലാലേട്ടൻ ഉൾപ്പെടെയുള്ളവർ ഒരു ആരോപണവും നേരിടുന്നില്ല. (Mohanlal should return to Amma’s presidency’: Premkumar)
മോഹൻലാലൊക്കെ രാജിവച്ച സ്ഥാനങ്ങളിലേക്ക് തിരികെയെത്തണം. അവർക്കെതിരെ ഒരു ആരോപണവുമില്ലല്ലോ. അമ്മയുടെ ജനറൽ സെക്രട്ടറി രാജിവച്ചത് മാതൃക തന്നെയാണ്. അത് സ്വാഗതം ചെയ്യുന്നു’’ – പ്രേം കുമാർ പറഞ്ഞു.
സിനിമാ പീഡന വിവാദത്തിൽ നടന്മാർ കുടുങ്ങിയത് സ്വാഭാവികമായും സംഭവിക്കുന്ന കാര്യമാണ്. ആരോപണം വന്നതു കൊണ്ടു മാത്രം ഒരാൾ കുറ്റവാളിയാണെന്ന് പറയാനാകില്ല. ബ്ലാക്ക് മെയിലിങ്ങുണ്ട് ഇതിനകത്ത്, പണം തട്ടാനുള്ള ശ്രമവുമുണ്ട്. ചില ആരോപണങ്ങൾ പൊളിയുന്നുണ്ടെന്നും പ്രേം കുമാർ പറഞ്ഞു.
‘‘അമ്മ ജനാധിപത്യപരമായി പ്രവർത്തിക്കുന്ന ഒരു സംഘടനയാണ്. അവിടെ മൂന്നു വർഷത്തേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ ജൂണിൽ കേരളത്തിന്റെ വിവിധ ഇടങ്ങളിൽനിന്നും പുറത്തുനിന്നുമൊക്കെ പലരും എത്തിയാണ് വോട്ടെടുപ്പ് നടന്നത്.
സൗഹാർദപരമായാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് കുറ്റാരോപിതരായവർക്ക് മാറി നിൽക്കാം. അതൊരു ധാർമികതയുടെ നല്ല മാതൃകയാണ്.
പക്ഷേ ഒരു ആരോപണവും നേരിടാത്തവർ ഒന്നടങ്കം രാജിവച്ചത് ജനാധിപത്യ വിരുദ്ധമാണെന്ന് ഞാൻ പറയും. വോട്ട് ചെയ്ത് വിജയിപ്പിച്ചവരോടുള്ള അവഹേളനമാണ് അത്. പ്രേകുമാർ പറയുന്നു.
രഞ്ജിത്ത് സ്ഥാനമേൽക്കുന്ന സമയം മുതൽ രക്തത്തിനു വേണ്ടി ദാഹിക്കുന്ന ഒരു കൂട്ടർ ഉണ്ടായിരുന്നുവെന്നും ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന ടൈമിങ് നോക്കി ആരോപണവുമായി വന്നതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും പ്രേംകുമാർ പറഞ്ഞു.