ന്യൂഡൽഹി: മോദി സർക്കാരിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് വന്ദേഭാരത് വനിതാ ലോക്കോ പൈലറ്റിന് ക്ഷണം. ലോക്കോ പൈലറ്റായ ഐശ്വര്യ എസ് മേനോനാണ് ക്ഷണം ലഭിച്ചത്. 8,000 വിശിഷ്ടാതിഥികളിലാണ് ദക്ഷിണ റെയിൽവേയിലെ ചെന്നൈ ഡിവിഷനിലെ സീനിയർ അസിസ്റ്റൻ്റ് ലോക്കോ പൈലറ്റായ ഐശ്വര്യയും ഉൾപ്പെട്ടത്.(Modi government swearing-in ceremony; Vande bharat women loco pilot invited)
ചെന്നൈ-വിജയവാഡ, ചെന്നൈ-കോയമ്പത്തൂർ വന്ദേ ഭാരത് എക്‌സ്‌പ്രസ് സർവീസുകൾ ആരംഭിച്ചതു മുതൽ ഐശ്വര്യ ജോലിയിലുണ്ട്. റെയിൽവേ സിഗ്നലിങ്ങിനെക്കുറിച്ചുള്ള ജാഗ്രത, സമഗ്രമായ അറിവ് എന്നിവയ്ക്ക് ഐശ്വര്യയ്ക്ക് മുതിർന്ന ഉദ്യോഗസ്ഥരിൽ നിന്ന് അഭിനന്ദനം ലഭിച്ചിരുന്നു. ചടങ്ങിൽ ഏഷ്യയിലെ ആദ്യ വനിതാ ലോക്കോ പൈലറ്റായ സുരേഖ യാദവും പങ്കെടുക്കും.
ശുചീകരണ തൊഴിലാളികൾ, ട്രാൻസ്‌ജെൻഡർമാർ, സെൻട്രൽ വിസ്ത പ്രോജക്റ്റിൽ ജോലി ചെയ്തിരുന്ന തൊഴിലാളികൾ എന്നിവരും സത്യപ്രതിജ്ഞാ ചടങ്ങിൽ വിശിഷ്ടാതിഥികളായി എത്തുമെന്നാണ് വിവരം. രാഷ്ട്രപതി ഭവനിൽ 8000-ലധികം അതിഥികൾക്കുള്ള ക്രമീകരണങ്ങൾ നടക്കുകയാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ജൂൺ 9-ന് വൈകീട്ടാണ് മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക.
Read Also: ഡെൻമാർക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്‌സണ് നേരെ ആക്രമണം; ഒരാൾ അറസ്റ്റിൽ