തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയെത്തുമെന്ന് കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ കനത്ത മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.Meteorological department said that there will be widespread rain in the state today
മഴ മുന്നറിയിപ്പിനെ തുടർന്ന് ഇന്ന് കേരളത്തിലെ എല്ലാ ജില്ലകളിലും ജാഗ്രതാ നിർദ്ദേശം നൽകി. രണ്ടു ജില്ലകളിൽ ഓറഞ്ച് അലർട്ടും 12 ജില്ലകളിൽ യെല്ലോ അലർട്ടുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. മറ്റു ജില്ലകൾക്ക് യെല്ലോ അലർട്ടാണുള്ളത്.അതേസമയം, സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ വ്യാപകമായി ഇടി മിന്നലോട് കൂടിയ മിതമായ ഇടത്തരം മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തെക്ക് കിഴക്കൻ അറബിക്കടലിനും തെക്കൻ കേരള തീരത്തിനും മുകളിലായി ചക്രവാതചുഴി രൂപപ്പെട്ടു. കൊങ്കൺ മുതൽ 1.5 കിമി ഉയരം വരെ ന്യൂനമർദ്ദ പാത്തിയും സ്ഥിതിചെയ്യുന്നുണ്ട്.
ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി ഇടത്തരം മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നത്.
ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശനിയാഴ്ച്ച വരെ അതിശക്തമായ ശക്തമായ മഴയ്ക്കും തിങ്കളാഴ്ച്ച വരെ ശക്തമായ മഴയ്ക്കും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ കേരളത്തിൽ സാധാരണ നിലയിൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.