ബാഴ്സലോണ: യുഎസ്എയിലെ മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബ് ഇന്റര്‍ മയാമിയിലേക്ക് പോകുന്ന അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സി ആശംകളുമായി മുന്‍ ക്ലബ്ബ് ബാഴ്സലോണ.
പ്രൊഫഷണല്‍ കരിയറിലെ പുതിയ ഘട്ടത്തില്‍ മെസ്സിക്ക് ആശംസയറിയിക്കുന്നതായി ബാഴ്സലോണ പ്രസ്താവനയിലൂടെ അറിയിച്ചു.
മെസ്സി ഇന്റര്‍ മയാമിയിലേക്ക് പോകുന്ന വിവരം മെസ്സിയുടെ പിതാവും മാനേജറുമായ യോര്‍ഗെ മെസ്സി ക്ലബ്ബ് പ്രസിഡന്റ് യൊഹാന്‍ ലപോര്‍ട്ടയെ തിങ്കളാഴ്ച തന്നെ അറിയിച്ചിരുന്നുവെന്നും ക്ലബ്ബ് പ്രസ്താവനയില്‍ വ്യക്തമാക്കി.
ദിവസങ്ങളോളം നീണ്ടുനിന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടാണ് യുഎസ്എയിലെ മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബ് ഇന്റര്‍ മയാമിയിലേക്ക് പോകുന്ന വിവരം മെസ്സി സ്ഥിരീകരിച്ചത്. സ്പാനിഷ് മാധ്യമങ്ങളായ ഡിയാരിയോ സ്പോര്‍ട്ടിനും മുണ്‍ഡോ ഡിപോര്‍ട്ടിവേയ്ക്കും അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് മെസ്സി തന്റെ ഇന്റര്‍ മയാമി പ്രവേശനത്തെ കുറിച്ച് വ്യക്തമാക്കിയത്.
സീസണിനൊടുവില്‍ മെസ്സി പിഎസ്ജി വിടുമെന്ന് ഉറപ്പായതോടെ താരത്തിന് റെക്കോഡ് പ്രതിഫലം വാഗ്ദാനം ചെയ്ത് സൗദി ക്ലബ്ബ് അല്‍ ഹിലാല്‍ രംഗത്തെത്തിയിരുന്നു. 3270 കോടി രൂപ വാര്‍ഷികപ്രതിഫല വാഗ്ദാനമാണ് ക്ലബ്ബ് നല്‍കിയത്. എന്നാല്‍ ഇതിനിടയിലും മെസ്സി മടങ്ങിവരുമെന്ന പ്രതീക്ഷ ബാഴ്‌സലോണ കൈവിട്ടിട്ടില്ല. താരം സ്പാനിഷ് ലീഗിലേക്ക് മടങ്ങിവരാന്‍ തീരുമാനിച്ചാല്‍ അത് താങ്ങുന്നതിന് വേണ്ടി ക്ലബ്ബ് സാമ്പത്തിക പുനഃക്രമീകരണം നടത്തിവരികയും ചെയ്തിരുന്നു. പക്ഷേ സ്പാനിഷ് ലീഗിന്റെ സാമ്പത്തിക നിയന്ത്രണങ്ങളും സാമ്പത്തിക പ്രതിസന്ധിയും ക്ലബ്ബിന് വെല്ലുവിളിയാകുകയായിരുന്നു.
ലാ ലിഗയിലെ ഫിനാന്‍ഷ്യല്‍ ഫെയര്‍പ്ലേ (എഫ്എഫ്പി) ചട്ടങ്ങളാണ് ബാഴ്‌സയ്ക്കും മെസ്സിക്കും ഇടയില്‍ തടസ്സമായി നിന്നത്. പ്രധാനമായും ക്ലബ്ബുകള്‍ വരവില്‍ കവിഞ്ഞ തുക ചെലവഴിച്ച് പാപ്പരാകുന്നത് തടയാനുള്ള നിയമങ്ങളാണിവ. ഇതനുസരിച്ച് കളിക്കാരുടെ ട്രാന്‍സ്ഫറിനും പ്രതിഫലത്തിനുമായി ഒരു ക്ലബ്ബിനും കൈവിട്ട് തുക ചിലവഴിക്കാനാവില്ല. 2021-ല്‍ എഫ്എഫ്പി ചട്ടങ്ങള്‍ പാലിക്കാനാവില്ല എന്ന ഘട്ടത്തിലാണ് ബാര്‍സയ്ക്ക് മെസ്സിയെ കൈവിടേണ്ടി വന്നത്.