റാന്നി: ആശുപത്രിയിൽ മുറിവ് തുന്നികെട്ടിയതിൽ ഗുരുതര വീഴ്ചയെന്ന പരാതിയുമായി രോഗി. പത്തനംതിട്ട റാന്നി താലൂക്ക് ആശുപത്രിക്കെതിരെയാണ് ആരോപണം. മുറിവ് തുന്നിയ ഭാഗത്ത് ഉറുമ്പുകളെ കണ്ടെത്തിയെന്നാണ് ബ്ലോക്ക്പടി സ്വദേശി സുനിൽ പറയുന്നത്.
ഞായറാഴ്ച വൈകീട്ട് ഏഴുമണിയോടെയാണ് സംഭവം. രക്തസമ്മർദം കുറഞ്ഞതിനെ തുടർന്ന് സുനിൽ വീഴുകയും നെറ്റിയിൽ പരിക്കേൽക്കുകയും ചെയ്തു. പിന്നാലെ റാന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി മുറിവിൽ അഞ്ച് തുന്നലുകൾ ഇട്ടു. സി.ടി. സ്കാനെടുക്കാൻ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് പറഞ്ഞു വിട്ടു.
എന്നാൽ യാത്രക്കിടെ മുറിവ് തുന്നിയ ഭാഗത്ത് അസഹനീയമായ വേദന അനുഭവപ്പെട്ടു എന്നാണ് സുനിൽ പറയുന്നത്. തുടർന്ന് പത്തനംതിട്ടയിലെ സ്കാനിംഗ് റിപ്പോർട്ടിൽ തുന്നിക്കെട്ടിയ മുറിവിനുള്ളിൽ ഉറുമ്പുകളെ കണ്ടെത്തുകയായിരുന്നു. രണ്ട് ഉറുമ്പുകളെയാണ് മുറിവിനുള്ളിൽ കണ്ടെത്തിയത്.
തുടർന്ന് റാന്നി താലൂക്ക് ആശുപത്രിയിൽ നിന്ന് ആദ്യമിട്ട തുന്നൽ ഇളക്കിയ ശേഷം ഉറുമ്പുകളെ നീക്കി പത്തനംതിട്ടിലെ ഡോക്ടർമാർ വീണ്ടും മുറിവ് തുന്നിക്കെട്ടിയെന്നും സുനിൽ പറയുന്നു. മൂന്നര മണിക്കൂറിന്റെ ഇടവേളയിൽ ആയിരുന്നു നെറ്റിയിലെ ഈ രണ്ട് തുന്നിക്കെട്ടലുകളും നടത്തിയത്. റാന്നി താലൂക്ക് ആശുപത്രി ജീവനക്കാർ മുറിവ് വൃത്തിയാക്കിയതിൽ വന്ന വീഴ്ചയാണ് ഇതെന്ന് സുനിലും കുടുംബവും ആരോപിച്ചു.
ആശുപത്രി ആർഎംഒയെ നേരിൽ കണ്ട് രോഗി ബുദ്ധിമുട്ട് പറഞ്ഞെങ്കിലും രേഖാമൂലം പരാതി നൽകിയില്ല. എന്നാലും സംഭവം അന്വേഷിക്കുമെന്ന് റാന്നി താലൂക്ക് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. സംഭവത്തിൽ ആരോഗ്യമന്ത്രിക്ക് പരാതി നൽകാനാണ് കുടുംബത്തിൻ്റെ തീരുമാനം.