തിരുവനന്തപുരം: ഇടതുപാർട്ടികൾ ചിഹ്നം സംരക്ഷിക്കണമെന്ന മുന്നറിയിപ്പുമായി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ.ബാലൻ. നിശ്ചിത ശതമാനം വോട്ട് ലഭിച്ചില്ലെങ്കിൽ ദേശീയ പദവി നഷ്ടമാകും. പിന്നെ ഈനാംപേച്ചി, നീരാളി ചിഹ്നങ്ങളിൽ മത്സരിക്കേണ്ടി വരുമെന്ന് ബാലൻ പറഞ്ഞു.
നിലവിൽ ഒരു ഔപചാരിക ചിഹ്നം ഉണ്ട്. അംഗീകാരം ഇല്ലാതാക്കിയാൽ തെരഞ്ഞെടുപ്പ് കമ്മീഷൻ തരാൻ പോകുന്നത് അവർക്കിഷ്ടപ്പെട്ട ചിഹ്നമാണ്. പിന്നെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്ഥാനാർഥിക്ക് നീരാളിയുടെയോ എലിപ്പെട്ടിയുടെയോ ഈനാംപേച്ചിയുടെയോ ചിഹ്നത്തിൽ മത്സരിക്കേണ്ടി വരും.
അത്തരമൊരു പതനത്തിലേക്ക് എത്തിയാൽ എന്താകും സ്ഥിതി. എൽഡിഎഫ് സ്ഥാനാർഥികളെ ഈ തെരഞ്ഞെടുപ്പിൽ വിജയിപ്പിച്ചേ പറ്റൂ എന്നും ബാലൻ കൂട്ടിച്ചേർത്തു.
ഈ തെരഞ്ഞെടുപ്പ് പിണറായി സർക്കാരിൻറെ നിലനിൽപ്പിൻറെ പ്രശ്നമാണ്. ഇടത് സർക്കാരിന് വീണ്ടും തുടർഭരണം വേണമെങ്കിൽ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് മുൻതൂക്കം വേണമെന്നും ബാലൻ പറഞ്ഞു.