ഇടുക്കി കട്ടപ്പന വെട്ടിക്കുഴക്കവലയിൽ രണ്ടു വീടുകളിൽ നിന്ന് മലഞ്ചരക്ക് സാധനങ്ങൾ മോഷണം പോയി. വീടിന് പുറത്തു സൂക്ഷിച്ചിരുന്ന ഗ്രാമ്പൂവും കുരുമുളകുമാണ് നഷ്ടമായത്.
മറ്റത്തിൽ ജോസിന്റെ വീടിന്റെ ടെറസിൽ നിന്നും ആറു കിലോയോളം ഉണങ്ങിയ ഗ്രാമ്പൂവും വാലുമ്മൽ തങ്കച്ചന്റെ വീട്ടിൽ നിന്നും 36 കിലോ പച്ച കുരുമുളകുമാണ് മോഷണം പോയത്.
അർധരാത്രി മോഷ്ടാവ് ഈ ഭാഗത്തേക്ക് വരുന്നതും തിരികെ പോകുന്നതും സി.സി.ടി.വി.യിൽ പതിഞ്ഞിട്ടുണ്ട്. മുഖം മൂടി മോഷണം നടത്തിയതിനാൽ കള്ളനെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.
സമീപ കാലത്തായി ഇടുക്കിയിൽ മലഞ്ചരക്ക് വസ്തുക്കളുടെ മോഷണം വ്യാപകമായിരിക്കുകയാണ്. പോലീസ് അന്വേഷണം ആരംഭിച്ചു.
പേര് ശ്രുതി, ജോലി ബ്രിട്ടനിൽ; യുവതിയായി അഭിനയിച്ച് മുജീബ് റഹ്മാൻ തട്ടിയെടുത്തത് 33 ലക്ഷം രൂപ!
മലപ്പുറം: യുവതിയെന്ന പേരിൽ വിവാഹ വാഗ്ദാനം നൽകി തട്ടിപ്പു നടത്തിയ മധ്യവയസ്കൻ അറസ്റ്റിൽ. മലപ്പുറം വേങ്ങര വൈദ്യർ വീട്ടിൽ മുജീബ് റഹ്മാൻ(45) ആണ് അറസ്റ്റിലായത്. എടവനക്കാട് സ്വദേശിയായ യുവാവിന്റെ പരാതിയിൽ ഞാറയ്ക്കൽ പൊലീസ് ആണ് പ്രതിയെ പിടികൂടിയത്.
യുവതിയാണെന്ന വ്യാജേന യുവാവുമായി സൗഹൃദം സ്ഥാപിച്ച് ഓൺലൈൻ വഴി 33 ലക്ഷം രൂപയാണ് പ്രതി തട്ടിയെടുത്തത്. പരാതിക്കാരനായ യുവാവിന് മാട്രിമോണിയൽ പരസ്യം വഴിയാണ് ഫോൺ നമ്പർ ലഭിച്ചത്.
തുടർന്ന് വാട്സാപ് വഴി ബന്ധപ്പെട്ടപ്പോൾ പേര് ശ്രുതി എന്നാണെന്നും ബംഗളൂരുവിൽ സ്ഥിര താമസമാണെന്നും ബ്രിട്ടനിലാണ് ജോലിയെന്നും പറഞ്ഞു കബളിപ്പിക്കുകയായിരുന്നു.
പിന്നാലെ വിവാഹ വാഗ്ദാനം നൽകി സൗഹൃദം സ്ഥാപിച്ച പ്രതി ക്രിപ്റ്റോ കറൻസി ട്രേഡിങ് ലാഭകരമാണെന്ന് വിശ്വസിപ്പിച്ച് ചില ഓൺലൈൻ ആപ്പുകൾ യുവാവിനെക്കൊണ്ട് ഫോണിൽ ഡൗൺലോഡ് ചെയ്യിപ്പിച്ചു.
തുടർന്ന് പരാതിക്കാരന്റെ അക്കൗണ്ടിൽ നിന്നുള്ള 7,44,000 രൂപ മുടക്കി ക്രിപ്റ്റോ കറൻസി വാങ്ങിച്ച് മറ്റൊരു ആപ്പിൽ നിക്ഷേപിക്കുകയായിരുന്നു. ഇതിനു ശേഷവും പല തവണയായി പരാതിക്കാരന്റെ അക്കൗണ്ടിൽ നിന്ന് 32,93,306രൂപ തട്ടിയെടുത്തതായി പൊലീസ് അറിയിച്ചു.
2023 ഒക്ടോബറിലായിരുന്നു യുവാവിൽ നിന്ന് ഇയാൾ പണം തട്ടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.