മണിപ്പൂർ കലാപത്തിൽ രണ്ടു കുക്കി ഗോത്രവിഭാഗക്കാരായ സ്ത്രീകളെ മർദിച്ചു ബലാത്സംഗത്തിനിരയാക്കി, നഗ്നരാക്കി തെരുവിലൂടെ നടത്തിച്ച വീഡിയോ തല താഴ്ത്തിയാണ് രാജ്യം കണ്ടത്. മണിപ്പൂരിൽ അന്ന് വലിച്ചിഴക്കപ്പെട്ടത് രണ്ടു സ്ത്രീകളുടെ ജീവിക്കാനുള്ള പ്രതീക്ഷയും, സന്തോഷവും കൂടിയായിരുന്നു. മുൻപ് കേട്ട് കേൾവി പോലുമില്ലാത്ത ക്രൂരതക്കെതിരെ ലോകമെമ്പാടും വലിയ പ്രതിഷേധങ്ങളുണ്ടായി. വാർത്തകൾ തമസ്ക്കരിച്ചും ഇന്റർനെറ്റ് നിരോധിച്ചും ഭരണകൂടം ഒളിപ്പിച്ച് വയ്ക്കാൻ ശ്രമിച്ച മണിപ്പൂർ കലാപ വാർത്തകൾ വീണ്ടും ദേശിയ ശ്രദ്ധയിൽ കൊണ്ട് വരാൻ ഈ സംഭവത്തിലൂടെ കഴിഞ്ഞു. പക്ഷെ വലിയ പ്രതിഷേധത്തിന് ശേഷം പിന്നീട് എല്ലാം വീണ്ടും പഴയത് പോലെയായി.
ജൂലൈ 19ന് പുറത്ത് വന്ന വീഡിയോയുടെ അടിസ്ഥാനത്തിൽ മണിപ്പൂർ പോലീസ് എടുത്ത കേസ് ഒന്നുമായിട്ടില്ല.ഒന്നിലധികം ആളുകളുണ്ടെന്ന് വീഡിയോയിലെ ദൃശ്യം തന്നെ തെളിവായിരുന്നുവെങ്കിലും അറസ്റ്റ് ചെയ്യപ്പെട്ടത് ഒരൊറ്റ ആൾ മാത്രം. ക്രൂരതക്ക് വിധേയരായ 20 ഉം, 40 ഉം വയസുള്ള സ്ത്രീകൾക്ക് ഇപ്പോഴും ഇരുട്ടിൽ കഴിയുന്നു.സംഭവം നടന്നിട്ട് ആറ് മാസം പിന്നിട്ടിട്ടും ആ സ്ത്രീകൾക്ക് ആളുകളെ കാണുമ്പോൾ ഭയമാണ്. മടിച്ച് മടിച്ചാണെങ്കിലും ദുരിതത്തിന്റെ തീവ്രതയെ കുറിച്ച് ബിബിസിയോട് പങ്കു വക്കുകയാണ് അതിജീവിതകൾ.
ഒരു മൃഗത്തോടെന്ന പോലെയാണ് അവരെന്നോട് പെരുമാറിയത്, ഓർമകളിൽ പോലും വേദനക്കപ്പുറം ഭയം നിറക്കുന്ന അവസ്ഥയിലൂടെ
ജീവിതം തള്ളി നീക്കുന്നത് എളുപ്പമായിരുന്നില്ല. സംഭവം നടന്ന് രണ്ടു മാസങ്ങൾക്കു ശേഷം ആക്രമണത്തിന്റെ വീഡിയോ വൈറലായതോടെ, ജീവിക്കാനുള്ള എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടു’.മുഖം മറച്ച്, ബിബിസി റിപ്പോർട്ടറെ അഭിമുഖീകരിച്ച സ്ത്രീകളിലൊരാൾ കരഞ്ഞ് കൊണ്ട് പറയുന്നു.
സ്വന്തം ബന്ധുക്കളേയും സുഹൃത്തുക്കളേയും പോലും അഭിമുഖീകരിക്കാൻ ഞാനിപ്പോഴും പ്രയാസമനുഭവിക്കുന്നുണ്ട്.ഇന്ത്യൻ സമൂഹത്തിന്റെ കാഴ്ചപ്പാടുകൾ എങ്ങനെയാണെന്നും, ഇത്തരമൊരു സംഭവത്തിന് ശേഷം അവർ സ്ത്രീകളെ എങ്ങനെ കാണുന്നുവെന്നും നിങ്ങൾക്ക് ഊഹിക്കാൻ കഴിയുമോ? എന്റെ അഭിമാനം പോയി. ഇനിയൊരിക്കലും ഞാൻ പഴയതുപോലെയാകില്ല.’ അതിജീവിതകളിൽ ഒരാൾ പറയുന്നു. സംഭവം നടക്കും മുൻപ് ഒരാൾ വിദ്യാർത്ഥിയായിരുന്നു, മറ്റൊരാൾ രണ്ടു കുഞ്ഞുങ്ങളുള്ള വീട്ടമ്മയും. എന്നാൽ ആക്രമണത്തിന് ശേഷം രണ്ട് പേർക്കും വേറൊരു നഗരത്തിലേയ്ക്ക് ഒളിച്ച് പോകേണ്ടി വന്നു. വീടിനുള്ളിൽ നിന്ന് പുറത്തിറങ്ങാതെ കഴിയുകയാണ് അവർ. രണ്ടു കുട്ടികളുടെ മാതാവിന് പള്ളിയിൽ പോകാനോ കുട്ടികളെ സ്‌കൂളിൽ കൊണ്ടുപോകാനോ സാധിക്കുന്നില്ല. മുമ്പ് ജീവിച്ചിരുന്നതുപോലെ ഇനിയൊരിക്കലും ജീവിക്കാൻ കഴിയുമെന്ന് ഞാൻ കരുതുന്നില്ല, എനിക്ക് വീട്ടിൽ നിന്ന് ഇറങ്ങാൻ പ്രയാസമാണ്, ആളുകളെ നേരിടുന്നതിൽ എനിക്ക് ഭയവും ലജ്ജയും തോന്നുന്നു, അവർ പറയുന്നു.ഒരുപക്ഷെ വീഡിയോ ഇല്ലായിരുന്നെങ്കിൽ ആരും സത്യം വിശ്വസിക്കുകയോ ഞങ്ങളുടെ വേദന മനസ്സിലാക്കുകയോ ചെയ്യുമായിരുന്നില്ല’, വിവാഹിതയായ അതിജീവിതയുടെ ഭർത്താവ് പറയുന്നു. ഇപ്പോഴും ഉറക്കത്തിൽ ദുസ്വപ്നങ്ങൾ കണ്ടുണരുന്ന അവർ തന്റെയും കുട്ടികളുടെയും ഭാവിയിൽ വളരെ ആശങ്കയിലാണ്.
സമാന അവസ്ഥയിലൂടെയാണ് വിദ്യാർത്ഥിനിയായ പെൺകുട്ടി കടന്ന പോകുന്നത്. ബന്ധുക്കൾ ഇടപെട്ട് കൗൺസിലിങ്ങിന് വിധേയമാക്കി. പക്ഷെ മാനസിക സംഘർഷങ്ങൾ നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥ ഇപ്പോഴും ഉണ്ട്.ആറ് മാസം മുമ്പ്, മെയ്‌തേയ്, കുക്കി വിദ്യാർത്ഥികൾ ഒരുമിച്ച് പഠിക്കുന്ന സ്കൂളിലെ വിദ്യാർത്ഥിനിയായിരുന്നു അവൾ. ഇരു വിഭാഗങ്ങളിൽ നിന്നും ധാരാളം സുഹൃത്തുക്കളുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ മറ്റൊരു മെയ്‌തേയ് വ്യക്തിയെ കാണുന്നത് പോലും അറപ്പാണ്. ഇനിയൊരിക്കലും സ്വന്തം ഗ്രാമത്തിലേയ്ക്ക് മടങ്ങില്ലെന്ന് അവർ ഉറച്ച ശബ്ദത്തോടെ പറയുന്നു. അവിടെ വച്ചാണ് മെയ്തേയ് അക്രമികളാൽ നശിപ്പിക്കപ്പെടുകയും, പ്രാണരക്ഷാർത്ഥം ഗ്രാമമുപേക്ഷിച്ചു ഒളിച്ചു പോകേണ്ടി വന്നത്.അവിടെവച്ചാണ് അവളുടെ അച്ഛനെയും ഇളയ സഹോദരനെയും ജനക്കൂട്ടം മർദിച്ചു കൊലപ്പെടുത്തിയത്.
എന്റെ കൺമുന്നിൽ അവർ കൊല്ലപ്പെടുന്നത് കണ്ടു , അക്രമികളിൽ നിന്ന് ഓടി രക്ഷപ്പെടുന്നതിനിടക്ക് അച്ഛന്റേയും സഹോദരന്റേയും മൃതശരീരം വയലിൽ തന്നെ ഉപേക്ഷിക്കേണ്ടി വന്നു. അവൾ പറയുന്നു. മറ്റൊരു കോളേജിൽ തന്റെ പഠനം പുനരാരംഭിക്കണമെന്നാണ് അവളുടെ ആഗ്രഹം. പൊലീസ് അല്ലെങ്കിൽ പട്ടാളത്തിൽ ചേർന്ന് നീതിയ്ക്ക് വേണ്ടി പോരാടണമെന്ന് മറ്റുള്ളവർക്ക് ഉറപ്പാക്കണമെന്നും അവൾ ആഗ്രഹിക്കുന്നു.