ന്യൂഡല്‍ഹി: മണിപ്പൂര്‍ കലാപത്തെ തുടര്‍ന്ന് പാര്‍ലമെന്റില്‍ സര്‍ക്കാരിനെതിരെ ഇന്നും ആഞ്ഞടിക്കാനൊരുങ്ങി പ്രതിപക്ഷം. കലാപത്തിന്മേല്‍ കോണ്‍ഗ്രസ്, ഡിഎംകെ, എഎപി, സിപിഐ, ആര്‍ജെഡി പാര്‍ട്ടികള്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. എല്ലാ നടപടികളും നിര്‍ത്തിവെച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ പ്രതിപക്ഷ എംപിമാര്‍ സംയുക്ത പ്രതിഷേധം സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ്.
ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് സര്‍ക്കാര്‍ അറിയിച്ചെങ്കിലും തങ്ങളുടെ നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഇരുപക്ഷവും ഞായറാഴ്ച സൂചന നല്‍കി. ചര്‍ച്ചയ്ക്ക് മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വമേധയാ പ്രസ്താവന വേണമെന്ന് പ്രതിപക്ഷം അറിയിച്ചു. ഇതുവരെ സര്‍ക്കാര്‍ തങ്ങളെ സമീപിച്ചിട്ടില്ലെന്നും പ്രതിപക്ഷ വൃത്തങ്ങള്‍ പറഞ്ഞു.
തങ്ങള്‍ ഉന്നയിച്ചത് അടിയന്തരമായി പരിഹരിക്കേണ്ട ഒരു ആവശ്യമാണെന്നും അതില്‍ നിന്ന് പിന്നോട്ട് പോവുകയില്ലെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. ചര്‍ച്ച അത്യാവശ്യമാണ്. എന്നാല്‍ പ്രധാനമന്ത്രി പ്രസ്താവന നടത്താത്ത പക്ഷം ഒരു ചര്‍ച്ചയ്ക്ക് തങ്ങള്‍ തയ്യാറല്ല എന്ന് അദ്ദേഹം പറഞ്ഞു. ‘തിരഞ്ഞെടുപ്പ് അടുക്കുന്നതിനാല്‍ സഭ പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. എംപിമാര്‍ അവരുടെ മണ്ഡലങ്ങളെയും സംസ്ഥാനങ്ങളെയും കുറിച്ചുള്ള പ്രശ്നങ്ങള്‍ ഉന്നയിക്കാന്‍ ആഗ്രഹിക്കുന്നു… ഒരു പോംവഴി കണ്ടത്തേണ്ടതുണ്ട്,’ എന്നും ജയറാം രമേശ് ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
അതേസമയം, പ്രതിഷേധങ്ങള്‍, സഭാ സമ്മേളനങ്ങളെ കളങ്കപ്പെടുത്തുന്നതിനുള്ള തന്ത്രപരമായ ആയുധമാക്കുകയാണെന്ന് ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയര്‍മാനുമായ ജഗ്ദീപ് ധന്‍ഖര്‍ ഞായറാഴ്ച പറഞ്ഞു. ‘പാര്‍ലമെന്റിന്റെ പ്രവര്‍ത്തനം ഓരോ സെക്കന്‍ഡിലും മുടക്കുന്നതിന് ഒരു ന്യായികരണവുമുണ്ടാകില്ല. അതിന് ഈ രാജ്യത്തെ ജനങ്ങള്‍ വലിയ വിലയാണ് കൊടുക്കുന്നത്,’ ജഗ്ദീപ് ധന്‍ഖര്‍ പറഞ്ഞു. ന്യൂഡല്‍ഹിയില്‍ ജാമിയ മില്ലിയ ഇസ്ലാമിയയുടെ ശതാബ്ദി വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.