കുളുമണാലി: ഹിമാചലിലെ കുളുവിൽ മേഘ വിസ്ഫോടനത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ വ്യാപക നാശ നഷ്ടം. വെള്ളപ്പൊക്കത്തെ തുടർന്ന് ദേശീയ പാത എൻഎച്ച് 03 ലേ-മണാലി റോഡ് അടച്ചു. അപകടത്തിൽ മൂന്ന് വീടുകൾ ഒലിച്ച് പോവുകയും രണ്ട് വീടുകൾ പൂർണ്ണമായി തകരുകയും ചെയ്തിട്ടുണ്ട്.(manali road closed after cloudburst triggers flash flood)
റോഡുകളിലേക്ക് വ്യാപകമായി വലിയ ഉരുളന്‍ കല്ലുകള്‍ ഒലിച്ചെത്തിയതും ഗതാഗതം തടസപ്പെടാന്‍ കാരണമായി. ദേശീയപാതിയിലെ ഗതാഗതം തടസ്സപ്പെട്ടതോടെ സ്പിതിയില്‍ നിന്ന മണാലിയിലേക്ക് പോകുന്ന വാഹനങ്ങള്‍ റോഹ്താങ് വഴി തിരിച്ചുവിട്ടതായി പൊലീസ് പറഞ്ഞു. ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്നും ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി.
മഴയില്‍ 62 ട്രാന്‍സ്‌ഫോര്‍മറുകള്‍ തകരാറിലായതായി സംസ്ഥാന എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ അറിയിച്ചു. കനത്ത കൃഷി നാശവും ഉണ്ടായി. ജൂലൈ 28 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.