തൃശൂര്‍: ചില്ലറയെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ കണ്ടക്ടറുടെ ക്രൂര മർദ്ദനത്തിന് ഇരയായ മധ്യവയസ്‌കൻ മരിച്ചു. കരുവന്നൂർ സ്വദേശി പവിത്രൻ (68) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. ഏപ്രിൽ 2 ന് ഉച്ചയ്ക്ക് 12 ഓടെ ആണ് സംഭവം. തൃശൂർ – കൊടുങ്ങല്ലൂർ റൂട്ടിലോടുന്ന ശാസ്ത ബസിൻ്റെ കണ്ടക്ടർ ഊരകം സ്വദേശി കടുകപറമ്പിൽ രതീഷിന്റെ മർദ്ദനത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്നു.
ഇരുവരും തമ്മിലുണ്ടായ തർക്കത്തിനിടെ പുത്തന്‍തോട് ബസ് സ്‌റ്റോപ്പിന് സമീപത്ത് വച്ച് പവിത്രനെ കണ്ടക്ടര്‍ ഊരകം സ്വദേശി രതീഷ് തള്ളി താഴെയിടുകയായിരുന്നു. റോഡരികിലെ കല്ലില്‍ തലയടിച്ച് വീണ പവിത്രന്‍റെ തല പിടിച്ച് കണ്ടക്ടര്‍ വീണ്ടും കല്ലില്‍ ഇടിച്ചതായും പവിത്രന്‍റെ മകന്‍ പ്രണവ് പറഞ്ഞു. പവിത്രനെ ആദ്യം മാപ്രാണത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.