കോഴിക്കോട്: റിയൽ എസ്റ്റേറ്റ് ബിസിനസുകാരൻ മുഹമ്മദ് ആട്ടൂർ (മാമി) തിരോധാന കേസിൽ നിരവധി പേരുടെ മൊഴി രേഖപ്പെടുത്തിയ ക്രൈംബ്രാഞ്ച് അന്വേഷണം ഇതര സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചു.Mami missing case; The list of potential abductees will be rechecked.
മാമിയുടെ ബന്ധുക്കളുള്ള ഹൈദരാബാദിലേക്കും മുമ്പ് ബിസിനസ് നടത്തിയ ബംഗളൂരുവിലേക്കുമാണ് അന്വേഷണം വ്യാപിപ്പിച്ചത്.
മാമിയുടെ മകൾ അദീബ നൈന, ഭാര്യ റംല എന്നിവർക്കു പിന്നാലെ സുഹൃത്തുകളിൽനിന്നും ബിസിനസ് പങ്കാളികളിൽനിന്നുമെല്ലാം അന്വേഷണസംഘം മൊഴിയെടുത്തുതുടങ്ങി.
നേരത്തേ പ്രത്യേക അന്വേഷണസംഘം ഇവരുടെയെല്ലാം മൊഴി രേഖപ്പെടുത്തിയിരുന്നു. ആ മൊഴികളിൽ പറഞ്ഞതിനപ്പുറം പുതിയ കാര്യങ്ങൾ വല്ലതും പറയാനുണ്ടോ എന്നാണ് പ്രധാനമായും ചോദിക്കുന്നത്. മാത്രമല്ല, സംശയകരമായ കാര്യങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ ഉടൻ അറിയിക്കണമെന്നുമാണ് നിർദേശം.
ഇതിനു സമാന്തരമായി മാമിയുടെ സാമ്പത്തിക ഇടപാടുകൾ, 2020 മുതൽ മാമി ഇടനില നിന്ന റിയൽ എസ്റ്റേറ്റ് ഇടപാടുകൾ എന്നിവ സംബന്ധിച്ച വിവരവും ക്രൈംബ്രാഞ്ച് ശേഖരിക്കുന്നുണ്ട്.
മൊഴികളുടെ വിശകലനം പൂർത്തിയായശേഷം അന്വേഷണസംഘം യോഗം ചേർന്ന് പട്ടിക തയാറാക്കി ആവശ്യമായവരെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യംചെയ്യും. ഇതിന് മുന്നോടിയായി പ്രത്യേകം ചോദ്യാവലിയും തയാറാക്കും.
ബിസിനസുമായി ബന്ധപ്പെട്ട യാത്രകളിൽ മാമിക്കൊപ്പമുണ്ടാകുന്നവർ, ബന്ധുക്കളിലെയും ബിസിനസ് ഇടപാടുകൾ നടത്തിയവരിലെയും ചിലർ എന്നിവരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുമെന്നാണ് സൂചന. തുടർന്ന് ആവശ്യമെങ്കിൽ പ്രതിചേർത്ത് അറസ്റ്റ് ഉൾപ്പെടെ നടപടികളിലേക്ക് നീങ്ങും.
മാമിയെ തട്ടിക്കൊണ്ടുപോകാൻ സാധ്യതയുള്ളവരുടെ പട്ടിക പഴയ അന്വേഷണ സംഘം തയാറാക്കിയിരുന്നു. ഈ നിലക്കും അന്വേഷണം പുരോഗമിക്കുന്നുണ്ട്. 2023 ആഗസ്റ്റിലാണ് നഗരത്തിൽനിന്ന് മുഹമ്മദ് ആട്ടൂരിനെ കാണാതായത്.