വയനാട് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന പ്രിയങ്ക ഗാന്ധിക്ക് വേണ്ടി തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജി പ്രചാരണത്തിന് എത്തുമെന്ന് റിപ്പോർട്ട്. തിരഞ്ഞെടുപ്പ് പ്രചാരണം പ്രഖ്യാപിക്കുമ്പോൾ തന്നെ മമത വയനാട്ടിലെത്തുമെന്നാണ് സൂചന. (Mamata Banerjee Set to Campaign for Priyanka Gandhi in Wayanad)
കഴിഞ്ഞ ദിവസം മമത ബാനർജിയും പി ചിദംബരവും തമ്മിൽ പാർലമെൻ്റിലെ പ്രതിപക്ഷ നേതൃത്വത്തിനുള്ള പിന്തുണ ഉൾപ്പെടെയുള്ള സഹകരണം സംബന്ധിച്ച് ചർച്ച നടന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ മമതയുടെ വരവുമായി ബന്ധപ്പെട്ട് പാർട്ടി നേതൃത്വം ഔദ്യോഗിക തീരുമാനം അറിയിച്ചിട്ടില്ല.
അതേസമയം, വയനാട് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സി.പി.ഐയുടെ വിമർശനങ്ങളെ പ്രധാനമായി കാണുന്നില്ലെന്ന് കോൺഗ്രസ് നേതാവ് കെ.സി വേണുഗോപാൽ പറഞ്ഞു. ഇന്ത്യാ മുന്നണിയുടെ മര്യാദകൾ പാലിക്കേണ്ടത് കോൺഗ്രസിൻ്റെ മാത്രം ഉത്തരവാദിത്തമല്ലെന്നും കെസി വേണുഗോപാൽ പറഞ്ഞു.
ലോക്സഭാ തിരഞ്ഞെടുപ്പിൽ വയനാടിനൊപ്പം ഉത്തർപ്രദേശിലെ റായ്ബറേലിയിലും വിജയിച്ച രാഹുൽ ഗാന്ധി വയനാട് ഒഴിഞ്ഞതോടെയാണ് അവിടേക്ക് പ്രിയങ്ക എത്തുന്നത്. വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കിയിരുന്നു.