ഡൽഹി: ഋഷികേശിൽ വിനോദയാത്രയ്ക്കിടെ ഗംഗാനദിയിൽ വീണ് കാണാതായ മലയാളി യുവാവിന്റെ മൃതദേഹം കിട്ടി. സൗത്ത് ഡൽഹിയിൽ താമസിക്കുന്ന പത്തനംതിട്ട കോന്നി സ്വദേശി ആകാശ് മോഹനാണ് (27) അപകടത്തിൽപ്പെട്ട് മുങ്ങി മരിച്ചത്. കാണാതായി 9 ദിവസത്തിനു ശേഷമാണ് മൃതദേഹം കിട്ടിയത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആകാശിനെ ഗംഗനദിയിൽ കാണാതായത്. ഗുരുഗ്രാമിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്ന ആകാശ് ഓഫീസിൽ നിന്നുള്ള സഹപ്രവർത്തകർക്കൊപ്പമാണ് വിനോദയാത്ര പോയത്. വിവരമറിഞ്ഞ് ബന്ധുക്കൾ ഋഷികേശിലെത്തി.
ഉത്തരാഖണ്ഡ് പോലീസിന്റെ നേതൃത്വത്തിൽ എസ്.ഡി.ആർ.എഫ്. സംഘവും മുങ്ങൽ വിദഗ്ധരും ചേർന്ന് ദിവസങ്ങളായി തിരച്ചിൽ നടത്തി വരുകയായിരുന്നു.
നദിയിലെ ഒഴുക്കും തണുപ്പും ശക്തമായതിനാൽ ഇടയ്ക്ക് തിരച്ചിൽ നിർത്തിവെച്ചിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഋഷികേശിലെ എംയ്സിലേക്ക് എത്തിച്ചു. മറ്റു നടപടികൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.