ദുബായ്: മലയാളികൾക്ക് വീണ്ടും വീണ്ടും അനുഗ്രഹവർഷം ചൊരിഞ്ഞ് അറേബ്യൻ ഭാഗ്യദേവത. ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്യനയർ നറുക്കെടുപ്പിന്റെ രൂപത്തിലാണ് ഇത്തവണ മലയാളിയെ തേടി ഭാഗ്യദേവത എത്തിയത്.
ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്യനയർ നറുക്കെടുപ്പിലൂടെ ബിജു തെറൂല എന്ന നാൽപ്പത്തൊൻപതുകാരന് ലഭിച്ചത് എട്ടരകോടി രൂപയാണ്.
കഴിഞ്ഞ 20 വർഷമായി ദുബായിലെ ഒരു റിട്ടെയിൽ ശൃംഖലയിൽ ജോലി ചെയ്യുകയാണ് ബിജു തെറൂല.
ബിജുവിനും ഒരു പാകിസ്ഥാനിക്കും എട്ടരക്കോടിയോളം രൂപ (10 ലക്ഷം യുഎസ് ഡോളർ) വീതം സമ്മാനമായി ലഭിക്കുകയായിരുന്നു.
സൗദിയിൽ പ്രവാസിയായ പാക്കിസ്ഥാനിക്കാണ് ഇക്കുറി സമ്മാനം ലഭിച്ചത്. അതേസമയം, നാട്ടിൽ അവധിക്ക് പോകുന്നതിന് തൊട്ടുമുൻപാണ് ബിജുവിന് ഇത്രവലിയ സൗഭാഗ്യം കൈവന്ന കാര്യം അറിഞ്ഞത്.
499-ാം സീരീസിൽ പെട്ട 0437 എന്ന ടിക്കറ്റാണ് ബിജുവിന് ഭാഗ്യം കൊണ്ടുവന്നത്. ഈ മാസം 19നായിരുന്നു ടിക്കറ്റ് വാങ്ങിയത്.
1999ൽ ആരംഭിച്ച ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം നറുക്കെടുപ്പിൽ സമ്മാനം നേടുന്ന 248-ാമത്തെ ഇന്ത്യക്കാരനാണ് ബിജു തെറൂല്ല.
ഭാര്യയും രണ്ട് മക്കളുമടങ്ങുന്നതാണ് ബിജുവിന്റെ കുടുംബം. എല്ലാവരുമായി ആലോചിച്ച് സമ്മാനത്തുക എങ്ങനെ ചെലവഴിക്കണമെന്ന് തീരുമാനിക്കുമെന്ന് ബിജു പറഞ്ഞു.
എന്നാൽ ഇതിനോടൊപ്പം നടന്ന മറ്റ് നറുക്കെടുപ്പിൽ ഇന്ത്യക്കാരനായ സോമ നാഗരാജിന് ഒരു ആഡംബര മോട്ടർ ബൈക്ക് സമ്മാനമായി ലഭിച്ചു. ഇദ്ദേഹത്തെയും ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു