ഡൽഹി: ഡൽഹിയിൽ സൂര്യാഘാതമേറ്റ് മലയാളി പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. വടകര സ്വദേശി ബിനീഷ് ആണ് മരിച്ചത്. കടുത്ത ചൂടിൽ രണ്ട് ദിവസം ബിനീഷ് (50) പരിശീലനത്തിൽ പങ്കെടുത്തിരുന്നുവെന്ന് സഹപ്രവർത്തകർ പറഞ്ഞു. പരിശീലനത്തിന് ശേഷം അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് മരണം സംഭവിക്കുകയായിരുന്നു.
ഡൽഹി പൊലീസിൽ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറാണ് ബിനീഷ്. വസീറാബാദ് പൊലീസ് ട്രെയിനിങ് സെന്ററിൽ നടക്കുന്ന പ്രത്യേക പരിശീലനത്തിനിടെയാണ് ബിനേഷിന് സൂര്യാഘാതമേറ്റത്. പരിശീലനത്തിനുള്ള 1400 അംഗ പൊലീസ് സംഘത്തിൽ ബിനേഷ് ഉൾപ്പെടെ 12 മലയാളികളാണ് പങ്കെടുത്തത്. ചൂടിനെ തുടർന്ന് തലകറങ്ങി വീണ ബിനേഷിനെ ആദ്യം അടുത്തുള്ള ശുഭം ആശുപത്രിയിലെത്തിച്ചു. ആരോഗ്യസ്ഥിതി മോശമായതോടെ പശ്ചിംവിഹാർ ബാലാജി ആശുപത്രിയിലേക്കു മാറ്റി. അവിടെ വച്ചായിരുന്നു മരണം. മൃതദേഹം ഇന്നു നാട്ടിലേക്കു കൊണ്ടു പോകും.
അതേസമയം ഉത്തരേന്ത്യയിൽ ഉഷ്ണതരംഗം അതികഠിനമാകുകയാണ്. ഇന്ന് പഞ്ചാബ്, ഹരിയാന, ദില്ലി, പടിഞ്ഞാറൻ രാജസ്ഥാൻ, മധ്യപ്രദേശ്, പടിഞ്ഞാറൻ ഉത്തർപ്രദേശ് എന്നിവടങ്ങളിൽ ഉഷ്ണതരംഗം അനുഭവപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Read Also: മറ്റൊരു കിടിലൻ അപ്ഡേറ്റുമായി വാട്സ്ആപ്പ് : ഇനി ഒരു മിനിറ്റ് വോയിസ് സ്റ്റാറ്റസ്