വിദ്യാർത്ഥികൾക്ക് പ്രതീക്ഷയും അതോടൊപ്പം അല്പം ആശങ്കയും നൽകി സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ മേഖലയിൽ വൻ മാറ്റങ്ങൾ വരുന്നു. വിദേശ പഠനവും ഗവേഷണവും സ്വപ്നം കാണുന്ന വിദ്യാർത്ഥികൾക്ക് ഏറെ ആശ്വാസവും പ്രതീക്ഷയും നൽകുന്നതാണ് പുതിയ മാറ്റങ്ങൾ. വിദേശ നാടുകളിൽ വിജയകരമായി നടപ്പാക്കിയ നാലുവർഷ ബിരുദ കോഴ്സുകൾ സംസ്ഥാനത്തെ വിവിധ ക്യാമ്പസുകളിൽ ആരംഭിക്കും. ആഗോളതലത്തിൽ ബിരുദ കോഴ്സുകളുടെ ദൈർഘ്യം നാലുവർഷമാണ് എന്നത് വിദേശ പഠനത്തിന് ഇന്ത്യയിൽ നിന്നും അപേക്ഷിക്കുന്ന വിദ്യാർത്ഥികൾക്ക് തിരിച്ചടിയായിരുന്നു. ഈ പ്രശ്നത്തിന് പുതിയ സംവിധാനം പരിഹാരമാകും.
ഇന്ത്യയിലെ 50 ശതമാനം ബിരുദ ധാരികൾക്കും ജോലി നൈപുണ്യം ഇല്ലെന്ന് പഠനങ്ങൾ സൂചിപ്പിച്ചിരുന്നു. തൊഴിൽ നൈപുണ്യവും തൊഴിൽ ക്ഷമതയും വർദ്ധിപ്പിക്കുന്ന മൾട്ടി ഡിസിപ്ലിനറി വിദ്യാഭ്യാസം ഉറപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. കോഴ്സുകൾ മുടങ്ങിപ്പോയവർക്ക് എപ്പോൾ വേണമെങ്കിലും ബിരുദം നേടാനാകുന്ന മൾട്ടിപ്പിൾ എൻട്രി എക്സിറ്റ് സംവിധാനം നിലവിലുണ്ട്.