തിരുവനന്തപുരം: ഒഴുക്കുള്ള പുഴയിൽ കുളിക്കുന്നതിനിടെ നഷ്ടപ്പെട്ട രണ്ടര പവൻറെ സ്വർണമാല മുങ്ങിയെടുത്ത് ഫയർഫോഴ്സിൻറെ സ്കൂബാ ടീം. നാവായിക്കുളം വെട്ടിയറ സ്വദേശി അർജ്ജുൻ രാജിൻറെ സ്വർണ മാലയാണ് ഇന്നലെ വൈകിട്ട് വാമനപുരം നദിയിൽ നഷ്ടപ്പെട്ടത്.
ആലംകോട് പള്ളിമുക്ക് മണ്ണൂർഭാഗം കടവിലാണ് സംഭവം. തുടർന്ന് അർജ്ജുൻ രാജ് ആറ്റിങ്ങൽ ഫയർ ആൻഡ് റസ്‌ക്യൂ ടീമിന്റെ സഹായം തേടുകയായിരുന്നു.
വിദേശത്ത് നിന്നും അവധിക്കെത്തിയതായിരുന്നു അർജ്ജുൻ. സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോഴാണ് മാല നഷ്ടമായത്. ശക്തമായ ഒഴുക്കുണ്ടായിരുന്നതും പാറക്കൂട്ടവും വെല്ലുവിളിയായി. പിന്നീട് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് മാല കണ്ടെടുക്കാനായതെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞു.
ആറ്റിങ്ങൽ സ്റ്റേഷൻ ഓഫീസർ എസ് ബി അഖിലിൻറെ നേതൃത്വത്തിൻ സ്‌കൂബാ ടീം അംഗങ്ങളായ അഷറഫ്, പ്രണവ്, ഫയർ ഓഫീസർമാരായ സതീശൻ, സുജിത്, ഫയർ ഓഫീസർ ഡ്രൈവർ ശരത് ലാൽ, ഹോം ഗാർഡ് ബിജു എന്നിവർ ചേർന്നാണ് മാല കണ്ടെത്തിയത്.