ഇടുക്കി: ഏലപ്പാറ പഞ്ചായത്തിലെ കോഴിക്കാനം- ഹെലിബറിയ പ്രദേശത്ത് അന്ധവിശ്വാസം പരത്തി സ്വർണം തട്ടിയെടുത്തയാളെ നാട്ടുകാർ പിടികൂടി. Locals caught the man who stole the gold by spreading superstition
തമിഴ്നാട് തേനി പെരിയകുളം സ്വദേശി ഭൂപതി (42)യാണ് പിടിയിലായത്. ഇയാളെ പീരുമേട് പൊലീസ് എത്തി കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്‌തു.
കഴിഞ്ഞ ദിവസമാണ് ഇയാൾ പ്രദേശത്തെ വീടുകളിൽ കയറിയിറങ്ങി ആളുകളെ ഭീതിപ്പെടുത്തി പണവും സ്വർണവും തട്ടിയെടുക്കാൻ ശ്രമിച്ചത്. വീടുകൾ തോറും കയറി ഭാവിയിൽ ഇവിടെ അനർഥമുണ്ടാകാൻ സാധ്യതയുണ്ടെന്ന് അറിയിക്കുകയായിരുന്നു.
ഹെലിബറിയ പ്രദേശത്ത് ഒരു വീട്ടിൽ ഉച്ചക്ക് ഭക്ഷണം ചോദിച്ചു കഴിച്ചശേഷം അവിടെ ഭാവിയിൽ അനർഥങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് പറഞ്ഞു വീട്ടിലുള്ളവരെ വിശ്വസിപ്പിച്ചു.
എന്ത് അനർഥമാണ് നടക്കുന്നതെന്നും ഇതിനുള്ള പ്രതിവിധി എന്താണെന്നും പറയണമെങ്കിൽ പണം നൽകണമെന്ന് ആവശ്യപ്പെട്ടു.
കൈയിൽ പണമില്ലെന്ന് പറഞ്ഞതോടെ ഇവരുടെ പക്കലുള്ള സ്വർണം ചോദിച്ച് വാങ്ങി. ഇയാൾ പോയതിനു പിന്നാലെ സമീപ വീട്ടുകാരോട് വിവരം പറഞ്ഞതോടെയാണ് തട്ടിപ്പാണെന്ന് മനസിലായത്.
തുടർന്ന് നാട്ടുകാർ ഇയാളെ വഴിയിൽ തടഞ്ഞു നിർത്തി പൊലീസിനെ വിവരം അറിയിച്ചു. പീരുമേട് പൊലീസ് സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്‌ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.