ശ്രമങ്ങൾ വിഫലമായി. കേരളം തീരത്ത് കടലിൽ ചെരിഞ്ഞ എംഎസ്‌സി എൽസ 3 എന്ന ലൈബീരിയൻ കപ്പൽ പൂർണമായി മുങ്ങി. കണ്ടെയ്നറുകൾ കടലിലേക്ക് വീണു. കപ്പലിനെ ഉയർത്തി കരയിലെത്തിക്കാനുള്ള ശ്രമങ്ങൾ വിഫലമായി. മോശം കാലാവസ്ഥയിൽ രക്ഷാപ്രവർത്തനം വിഫലമായി.
കപ്പൽ നിവർത്താനും കണ്ടെയ്നറുകൾ മാറ്റാനും മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിയുടെ മറ്റൊരു കപ്പൽ രാവിലെ എത്തിയിരുന്നു. നാവികസേനയുടെയും കോസ്റ്റ് ഗാർഡിന്റെയും കപ്പലുകളും സ്ഥലത്തുണ്ടായിരുന്നു. ക്യാപ്റ്റനെയും രണ്ട് ജീവനക്കാരെയും രാവിലെ കപ്പലിൽനിന്നു മാറ്റിയിരുന്നു. കപ്പൽ കടലിൽ മുങ്ങുന്ന സാഹചര്യത്തിലാണ് ജീവനക്കാരെ മാറ്റിയത്.
ഇന്നലെ കടലിൽ വീണ കണ്ടെയ്നറുകൾ കൊല്ലം, ആലപ്പുഴ തീരത്ത് എത്താനാണ് കൂടുതൽ സാധ്യതയെന്നാണ് ദുരന്തനിവാരണ അതോറിറ്റി പറയുന്നത്. കണ്ടെയ്നറിൽ എന്താണെന്ന വിവരം അധികൃതർ പുറത്തുവിട്ടിട്ടില്ല. സൾഫർ കലർന്ന ഇന്ധനമാണെന്ന് സൂചനയുണ്ട്.
ആലപ്പുഴയിലെ ആലപ്പാട്, പുറക്കാട്, ചാപ്പക്കടവ് മേഖലകൾ, കൊല്ലം ജില്ലയിലെ വെള്ളനാതുരുത്ത്, കോവിൽതോട്ടം, മരുതടി എന്നിവടങ്ങളിലും ഏതാണ് സാധ്യതയുണ്ടെന്ന് ഹൈദരാബാദ് ആസ്ഥാനമായ ഇൻകോയിസ് (ഇന്ത്യൻ നാഷനൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസ്) പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്.