തിരുവനന്തപുരം: മോഡിഫിക്കേഷൻ വരുത്തി ഇരുചക്രവാഹനം ഓടിച്ചതിന് കഴിഞ്ഞ വർഷം മാത്രം മോട്ടോർ വാഹന വകുപ്പ് എടുത്തത് 22,000 കേസുകൾ. ഏറ്റവും കൂടുതൽ കേസുകൾ എടുത്തത് സൈലൻസറും നമ്പർ പ്ലേറ്റും രൂപം മാറ്റിയതിനാണ്. ഇത്തരത്തിലുള്ള കേസുകളിൽ പെട്ട 418 പേരുടെ ലൈസൻസുകൾ സസ്പെൻഡ് ചെയ്താതയും എംവിഡിയുടെ കണക്ക്.
നിയമസഭയിലാണ് ഗതാഗത വകുപ്പ് ഈ കണക്കുകൾ സമർപ്പിച്ചത്. നമ്പർ പ്ലേറ്റ് രൂപം മാറ്റിയതിന് 8983 കേസുകൾ ആണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. തൊട്ട് പിന്നിലുള്ളത് സൈലൻസർ രൂപമാറ്റം വരുത്തിയതിനുള്ള 8355 കേസുകളാണ്. മഡ്ഗാർഡ്, ഇൻഡിക്കേറ്റർ എന്നിവ രൂപംമാറ്റം വരുത്തിയതിനും ചെലാനുകൾ അയച്ചിട്ടുണ്ടെന്ന് കണക്കുകൾ പറയുന്നു. രൂപമാറ്റം വരുത്തിയാൽ 5000 രൂപയാണ് പിഴ.
നടപടികൾഅതിന്റെ വഴിക്ക് നടക്കുമ്പോഴും നിയമലംഘനങ്ങൾ കൂടുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അമിത വേഗതയും അപകടകരമായ ഡ്രൈവിങ്ങിനും 290 പേർക്കതിരെയും കേസ് എടുത്തിട്ടുണ്ട്. സോഷ്യൽ മീഡിയ റീലുകൾ തയ്യാറാക്കാനായി യുവാക്കൾ നടത്തുന്ന അഭ്യാസ പ്രകടനങ്ങൾ പലപ്പോഴും മറ്റ് യാത്രക്കാർക്ക് ഭീഷണിയാവാറുണ്ട്.
നമ്പർ പ്ലേറ്റു പോലും ഇല്ലാത്ത ഈ ബൈക്കുകൾ വളരെ കഷ്ടപ്പെട്ടാണ് എംവിഡി കണ്ടെത്തുന്നത്. 418 പേരുടെ ലൈസൻസുകൾ സസ്പെൻഡ് ചെയ്തതിനൊപ്പം 9 വാഹനങ്ങളുടെ രജിസ്ട്രേഷനും കഴിഞ്ഞ വർഷം മാത്രം സസ്പെൻഡ് ചെയ്തു. അമിത വേഗതക്കും അഭ്യാസ പ്രകടനത്തിനും ആദ്യം 5000 രൂപയും വീണ്ടും പിടിക്കപ്പെട്ടാൽ 10000 രൂപയുമാണ് പിഴ.