ദില്ലി: കോഴിക്കോട് മരിച്ച രണ്ട് പേരിൽ ഒരാൾക്ക് നിപ എന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. പൂനൈ വൈറോളജി ലാബിൽ കേരളം പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ പരിശോധനഫലം വന്നു.തിങ്കളാഴ്ച്ച കോഴിക്കോട് സർക്കാർ ആശുപത്രിയിൽ മരിച്ചയാൾക്ക് നിപ വൈറസ് സ്ഥിരീകരിച്ചു. അതേ സമയം ഓഗസ്ത് മുപ്പതിന് സ്വകാര്യ ആശുപത്രിയിൽ മരിച്ചയാളുടെ സാമ്പിൾ കേന്ദ്ര പരിശോധനയ്ക്ക് അയച്ചിട്ടില്ല. ന്യുമോണിയ ബാധിച്ച് മരിച്ചുവെന്നാണ് സ്വകാര്യ ആശുപത്രി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതിനാൽ സാമ്പിളുകൾ ശേഖരിച്ച് കേന്ദ്ര ലാബിൽ അയക്കാൻ കഴിഞ്ഞില്ലെന്ന് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലെ ക്രിട്ടിക്കൽ വിഭാഗം മേധാവിയും നിപ വൈറസ് രോഗികളെ നേരത്തെ പരിചരിച്ച ഡോക്ടറുമായ അനൂപ് കുമാർ എ.എസ് അറിയിച്ചു. പക്ഷെ ഇപ്പോൾ നിപ സ്ഥിരീകരിച്ച രോഗിയുടെ അതേ ലക്ഷണങ്ങളോടെയാണ് ഓഗസ്ത് 30ന് മരിച്ച രോഗിയ്ക്കും ഉണ്ടായിരുന്നത്.അതിനാൽ ഇരുവർക്കും നിപ തന്നെയാണന്ന് ഡോക്ടർ വ്യക്തമാക്കി. തിങ്കളാഴ്ച്ച മരിച്ചയാളുടെ സാമ്പിളുകൾ നേരത്തെ കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിൽ പ്രാഥമികമായി നിപ എന്ന് കണ്ടെത്തിയിരുന്നു. പക്ഷെ ഐ.സി.ആർ മാനദണ്ഡങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായി വിശദമായ പരിശോധനയ്ക്കായി പൂനൈ വൈറോളജി ലാബിൽ അയച്ചു.ഏതെങ്കിലും തരത്തിൽ മാരകരോഗങ്ങൾ പൊട്ടി പുറപ്പെടുകയാണെങ്കിൽ സാമ്പളുകൾ വൈറോളജി ലാബിൽ പരിശോധിക്കണമെന്നാണ് ചട്ടം.കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക സ്ഥിരീകരണം വന്നതിനാൽ ഇനി പ്രോട്ടോക്കോൾ പ്രകാരമുള്ള മുൻ കരുതലുകൾ സംസ്ഥാന ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും സ്വീകരിക്കണം.ഇതിന്റെ ഭാഗമായി മരിച്ചവരുമായി സംമ്പർക്കത്തിലായ എല്ലാവരേയും ക്വാറന്റയിനിലാക്കും.75 പേരുടെ പട്ടികയാണ് ആരോഗ്യവകുപ്പ് തയ്യാറാക്കിയത്.ഇവർ സഞ്ചരിച്ച വഴിയുടെ റൂട്ട് മാപ്പ് തയ്യാറാക്കും.മരുതോങ്കര, തിരുവള്ളൂർ പ്രദേശവാസികളാണ് മരിച്ചത്. മരിച്ചതിൽ ഒരാൾക്ക് 49 വയസ്സും ഒരാൾക്ക് 40 വയസ്സുമാണ്. ഒരാൾ ഓഗസ്റ്റ് 30-നും രണ്ടാമത്തെയാൾ തിങ്കളാഴ്ച രാത്രി എട്ടു മണിയോടെയുമാണ് മരിച്ചത്. ഇവരുടെ താമസസ്ഥലത്തിന് അഞ്ച് കിലോമീറ്റർ ചുറ്റളവ് കണ്ടെയ്മെന്റ് സോണായി പ്രഖ്യാപിക്കും.മരുതോങ്കര പഞ്ചായത്തിലെ കള്ളാട്ടും അയഞ്ചേരി പഞ്ചായത്തിലെ മംഗലാട്ടും അടച്ചിടും. ഈ പ്രദേശത്തെ എല്ലാ സ്ഥാപനങ്ങൾക്കും അവധി നൽകാനാണ് തീരുമാനം. കൂടുതൽ വ്യാപനം തടയാനുള്ള നിയന്ത്രണങ്ങൾ വേണ്ടി വരുമെന്ന് കോഴിക്കോട് ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനിച്ചിരുന്നു. നിപ സംശയത്തെത്തുടർന്ന് നിലവിൽ കോഴിക്കോട് നാലു പേർ ചികിത്സയിലാണ്. മരിച്ച വ്യക്തിയുടെ ഭാര്യയും കുട്ടികളും അടക്കമാണ് ചികിത്സയിലുള്ളത്.
നിപ നേരത്തെ പ്രതിരോധിച്ച പരിചയം കോഴിക്കോട് ആരോഗ്യവിഭാഗത്തിന് ഗുണം ചെയ്യുമെന്ന് വിദഗദ്ധർ ചൂണ്ടികാട്ടുന്നു. രണ്ട് പേരിലെ ലക്ഷണം കണ്ട് നിപ എന്ന് നേരത്തെ തന്നെ തിരിച്ചറിയാൻ സാധിച്ചതും ഗുണകരമായി. ഇനി രോഗത്തിന്റെ ഉറവിടം കണ്ടെത്തുകയാണ് പ്രധാനം. 2018ൽ രോഗം പടർന്നപ്പോൾ ഉറവിടമായി കണ്ടെത്തിയത് ഒരു പഴയ വീടായിരുന്നു. വവ്വാലുകൾ താവളമാക്കിയ ആൾതാമസമില്ലാത്ത വീട് പിന്നീട് ആരോഗ്യവകുപ്പ് അധികൃതർ ശുദ്ധീകരിക്കുകയും കിണർ മൂടുകയും ചെയ്തിരുന്നു.