നൈജിരീയയിലെ വിമാനത്താവളത്തിൽ ഗ്രൗണ്ട് സ്റ്റാഫ് വിഭാഗത്തിൽ ജോലി ലഭിക്കുന്നതിന് വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കോട്ടയം പുതുപളളി സ്വദേശി ഡോൺ സൈമൺ തോമസിനെ(57) ആണ് വിഴിഞ്ഞം പോലീസ് എറണാകുളത്തെ ഫ്‌ളാറ്റിൽ നിന്ന് അറസ്റ്റുചെയ്തത്.
വെങ്ങാനൂർ സ്വദേശികളായ അരുൺ, അഭിജിത്ത് എന്നിവർ നൽകിയ പരാതിയുടെ തുടർന്നാണ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ മേയിൽ ബാങ്ക ്‌വഴിയും ഗൂഗിൾ പേ വഴിയുമാണ് ഇരുവരും പണം നൽകിയത്.
ഇന്ത്യൻ രൂപ രണ്ട് ലക്ഷം രൂപയോളം ശമ്പളമായി ലഭിക്കുമെന്നായിരുന്നു ഇയാൾ വാഗ്ദാനം നൽകിയതെന്ന് പോലീസ് പറഞ്ഞു. മൂന്നുമാസത്തിനുളളിൽ ജോലിക്കുളള വിസ ലഭിക്കുമെന്നായിരുന്നു ഇവർക്ക് നൽകിയിരുന്നു ഉറപ്പ്.
അഭിജിത്തിന്റെ പിതൃസഹോദരൻ ഗൾഫിൽ ജോലി ചെയ്യുന്നുണ്ട്. ഇദ്ദേഹമാണ് നൈജിരിയിൽ ഇത്തരത്തിലുളള ജോലിയുണ്ടെന്ന് അഭിജിത്തിനെ അറിയിച്ചത്. തുടർന്നാണ് അഭിജിത്തും അരുൺ ചേർന്ന് 58500 രൂപ വീതം ഡോൺ സൈമൺ തോമസിന് അയച്ചുകൊടുത്തത്.
മാസങ്ങൾ കഴിഞ്ഞിട്ടും വിസ നൽകാത്തതിനെ തുടർന്ന് വിഴിഞ്ഞം പോലീസിൽ പരാതി നൽകിയിരുന്നു, ഇതേ തുടർന്നാണ് പ്രതിയെ എറണാകുളത്തെ ഫ്‌ളാറ്റിൽ നിന്ന് പിടികൂടീയത്.
എസ്.എച്ച്.ഒ.ആർ.പ്രകാശ്, എസ്.ഐ.മാരായ ഡി.ഒ.ദിനേശ്,എം. പ്രശാന്ത്, സേവിയർ, സി.പി.ഒ.മാരായ അരുൺ പി.മണി, പി.വി.രാമു എന്നിവരാണ് പ്രതിയെ അറസ്റ്റുചെയ്തത്.