കൊല്ലം: ഓയൂരിൽ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ പ്രതികളെ റിമാൻഡ് ചെയ്തു. കൊല്ലം ചാത്തന്നൂർ സ്വദേശി പത്മകുമാർ, ഭാര്യ അനിതകുമാരി, മകൾ അനുപമ എന്നിവരെയാണ് രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തത്. അനിത കുമാരിയെയും മകൾ അനുപമയെയും അട്ടകുളങ്ങര വനിത ജയിലേക്കും പത്മകുമാറിനെ കൊട്ടാരക്കര സബ്ജയിലിലേക്കും മാറ്റും. കേസിൽ നാളെയോ മറ്റന്നാളോ കസ്റ്റഡി അപേക്ഷ സമർപ്പിക്കുമെന്നാണ് സൂചന. പ്രതികളെ കസ്റ്റഡിയിൽ കിട്ടിയാൽ ഉടനെ തന്ന തെളിവെടുപ്പ് പൂർത്തിയാക്കും.
തെളിവെടുപ്പ് പൂർത്തിയാക്കിയതിനു ശേഷം കൂടുതൽ ചോദ്യം ചെയ്യലുകളിലേക്ക് കടക്കുമെന്നാണ് വിവരം. തട്ടിക്കൊണ്ടുപോകൽ, തടവിലാക്കൽ, ദേഹോപദ്രവമേൽപ്പിക്കൽ തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരമുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട്. ജീവപര്യന്തം വരെ തടവുശിക്ഷ കിട്ടാവുന്ന വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്. നീണ്ട 10 മണിക്കൂർ ചോദ്യം ചെയ്തതിന് ശേഷമാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
പ്രതി പത്മകുമാറിന് കോവിഡിന് ശേഷം 5 കോടിയുടെ കനത്ത സാമ്പത്തിക പ്രതിസന്ധി ഉണ്ടായതായി പോലീസ് പറയുന്നു. ഇതിൽ നിന്നും രക്ഷപ്പെടാന്‍ ഒരു കുടുംബം മുഴുവന്‍ കൃത്യമായ ആസൂത്രണത്തോടെ നടത്തിയ കുറ്റകൃത്യമാണ് തട്ടിക്കൊണ്ട് പോകലെന്നും എഡിജിപി എം ആർ അജിത് കുമാർ അറിയിച്ചു. അനിതകുമാരിയാണ് തട്ടിക്കൊണ്ടു പോകലിന്റെ ബുദ്ധികേന്ദ്രമെന്നും കുട്ടിയെ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചത് ഇവരാണെന്നും എഡിജിപി പറഞ്ഞു. ഒരു വർഷത്തെ ആസൂത്രണത്തിന് ഒടുവിൽ ഒന്നരമാസമായി ഇവര്‍ തട്ടിക്കൊണ്ടു പോകാനുള്ള കുട്ടികളെ അന്വേഷിക്കുകയായിരുന്നു. ഒടുവിലാണ് ഓയൂരിലെ ആറു വയസുകാരിയെ തട്ടിക്കൊണ്ട് പോയതെന്നും അദ്ദേഹം വ്യക്തമാക്കി.
Read Also: ദുരൂഹതക്കൊടുവിൽ കുറ്റസമ്മതം : സംഭവത്തിൽ മറ്റാർക്കും പങ്കില്ലെന്ന് പത്മകുമാർ