കൊച്ചി: പെരുമ്പാവൂരിലെ മാർക്കറ്റിംഗ് സ്ഥാപനത്തിലെ തൊഴിൽപീഡന പരാതിക്ക് പിന്നിൽ മുൻമാനേജരെന്ന് ദൃശ്യങ്ങളിലുള്ള യുവാവിൻ്റെ മൊഴി.
തൊഴിൽ പീഡന പരാതി ആസൂത്രിതമെന്നും യുവാവ് വെളിപ്പെടുത്തി. തൊഴിൽ വകുപ്പിനും പൊലീസിനുമാണ് യുവാവ് ഇത്തരത്തിൽ മൊഴി നൽകിയത്.
മാർക്കറ്റിംഗ് സ്ഥാപനത്തിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ മാനേജർ മനാഫ് മാസങ്ങൾക്ക് മുമ്പ് ചിത്രീകരിച്ച ദൃശ്യങ്ങളാണ് ഇന്ന് പുറത്തുവന്നത്.
ദൃശ്യങ്ങൾ പുറത്തുവന്നത് തൻ്റെ അറിവോടെയല്ലെന്നും സ്ഥാപന ഉടമയെ മോശക്കാരനാക്കാൻ മാസങ്ങൾക്ക് മുമ്പ് ചിത്രീകരിച്ച ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയായിരുന്നുവെന്നും യുവാവ് മൊഴി നൽകി. താൻ ഇപ്പോഴും ഇതേ സ്ഥാപനത്തിൽ ജോലി ചെയ്യുകയാണെന്നും യുവാവ് നൽകിയ മൊഴിയിലുണ്ട്.
മാർക്കറ്റിംഗ് സ്ഥാപനമായ ഹിന്ദുസ്ഥാൻ പവർലിങ്ക്സിൽ ജോലി ചെയ്യുന്ന ജീവനക്കാർ അതിക്രൂരമായ പീഡനങ്ങൾക്ക് വിധേയരാകുന്നുവെന്ന് പറയുന്ന ദൃശ്യങ്ങളാണ് ഇന്ന് പുറത്തുവന്നത്.
സംഭവത്തിൽ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ലേബർ ഓഫീസറോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു.
ഒരു സ്ഥലത്തും നടക്കാൻ പാടില്ലാത്ത സംഭവമാണിതെന്നും പീഡനത്തിൽ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.
വാർത്തകളിലൂടെയാണ് സംഭവം അറിഞ്ഞത്. ഇനി ഇത്തരം പീഡനം ആവർത്തിക്കരുത്.
സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ എറണാകുളം ജില്ല ലേബർ ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
അന്വേഷണ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ മറ്റ് നടപടികളിലേക്ക് കടക്കും. ഇത്തരം കാര്യങ്ങൾ അംഗീകരിച്ച് മുന്നോട്ട് പോകില്ല.