കുട്ടികളുടെ അമിതമായ മൊബൈൽ ഫോൺ ഉപയോഗം മാതാപിതാക്കളുടെ വലിയ തലവേദനയാണ്. ഇത് പലപ്പോഴും കുട്ടികളുടെ സ്വഭാവത്തെ തന്നെ മാറ്റിമറിക്കുന്നു. ഒരു തരത്തിൽ ഇതൊരു അഡിക്ഷൻ തന്നെയാണ്. ഇതിനൊരു പരിഹാരവുമായി എത്തിയിരിക്കുകയാണ് കേരള പോലീസ്. Kerala Police starts de-addiction center to control excessive mobile phone usage among children
കുട്ടികളുടെ അമിതമായ മൊബൈൽ ഫോൺ ഉപയോഗം നിയന്ത്രണ വിധേയമാക്കാൻ ഡി-അഡിക്ഷൻ സെന്റർ ആരംഭിച്ചിരിക്കുകയാണ് കേരള പോലീസ്. ഡിജിറ്റൽ അഡിക്ഷനും അതുമായി ബന്ധപ്പെട്ട മാനസിക പ്രശ്നങ്ങളും പരിഹരിക്കുന്നതിനായി കേരളാ പോലീസിന്‍റെ സോഷ്യൽ പോലീസിംഗ് ഡിവിഷനാണ് ഡിജിറ്റൽ ഡി-അഡിക്ഷൻ സെന്‍റർ ആരംഭിച്ചത്.
കൊച്ചി സിറ്റിയില്‍ മട്ടാഞ്ചേരി അസിസ്റ്റന്‍റ് പോലീസ് കമ്മീഷണറുടെ ഓഫീസ് കെട്ടിടത്തിന്‍റെ താഴത്തെ നിലയിലാണ് പ്രധാന സെന്‍റർ പ്രവര്‍ത്തിക്കുന്നത്. നഗര പരിധിയില്‍ നിന്നും കൂടുതൽ കേസുകൾ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിൽ സെന്‍ട്രൽ പോലീസ് സ്റ്റേഷനോട് ചേര്‍ന്ന് ഒരു സബ് സെന്‍ററും ആഴ്ച്ചയിൽ രണ്ട് ദിവസം എന്ന ക്രമത്തിൽ പ്രവര്‍ത്തിച്ചുവരുന്നു.
ഡി-ഡാഡ് സെന്‍ററെന്നാണ് ഇതിന് നൽകിയിരിക്കുന്ന പേര്. 18 വയസ്സിൽ താഴെയുള്ള കുട്ടികളെ സൗജന്യ കൗണ്‍സിലിംഗിലൂടെ ഡിജിറ്റൽ അഡിക്ഷനിൽ നിന്നും മുക്തമാക്കുകയും സുരക്ഷിതമായ ഇന്‍റര്‍നെറ്റ് ഉപയോഗത്തെ കുറിച്ച് മാതാപിതാക്കള്‍ക്കുള്‍പ്പടെ ബോധവത്ക്കരണം നടത്തുകയുമാണ് ഡി-ഡാഡ് സെന്‍ററിലൂടെ ചെയ്യുന്നത്.
കൊച്ചി സിറ്റി പോലീസിന്‍റെ ഈ സേവനം ഉപയോഗപ്പെടുത്തുന്നതിനായി ഡി-ഡാഡ് സെന്‍ററിലെ ഫോൺ നമ്പരിൽ (9497975400) വിളിച്ച് അപ്പോയിന്‍മെന്‍റ് എടുക്കാവുന്നതാണ്. രണ്ട് സെന്‍ററുകളിലും സൈക്കോളജിസ്റ്റിന്‍റെ സേവനം പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ 10 മണി മുതൽ വൈകീട്ട് 05 മണി വരെ ലഭ്യമാണ്.