സംസ്ഥാനത്ത് പകർച്ചവ്യാധികൾ കുത്തനെ ഉയരുന്നു. എച്ച് 1 എൻ 1, ഡെങ്കി കേസുകൾ കുതിച്ചുയർന്നു. പ്രതിദിന പനി ബാധിതരുടെ എണ്ണം പതിനൊന്നായിരം കടന്നു. കഴിഞ്ഞ മാസത്തേക്കാൾ മൂന്നരയിരട്ടി എച്ച്1എൻ1 കേസുകളാണ് ഈ മാസം ഇതുവരെ റിപ്പോർട്ട് ചെയ്തത്.(Kerala in fever: Dengue, H1N1 cases on the rise)
എലിപ്പനി പിടിപ്പെട്ടവരുടെ എണ്ണവും ഇരട്ടിയായി. എറണാകുളത്താണ് കൂടുതൽ ഡെങ്കി കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്.
കണക്ക് കൂട്ടിയതിലും നേരത്തെ പകർച്ചവ്യാധി കണക്ക് കുത്തനെ ഉയരുകയാണ്. രോഗ പ്രതിരോധത്തിനായുള്ള ആരോഗ്യവകുപ്പിന്റെ പ്രത്യേക ആക്ഷൻ പ്ലാൻ നാളെ തുടങ്ങും.
തുടർച്ചയായ ദിവസങ്ങളിൽ ഡെങ്കികേസുകളുടെ എണ്ണം 100ന് മുകളിലാണ്. കഴിഞ്ഞ മാസം സംസ്ഥാനത്താകെ സ്ഥിരീകരിച്ച ഡെങ്കികേസുകളുടെ എണ്ണം 1150 എങ്കിൽ, ഈ മാസം ഇതുവരെ 2013 പേർക്കാണ് ഡെങ്കിപ്പനി പിടിപ്പെട്ടത്.അതിൽ പകുതിയും കഴിഞ്ഞ പത്ത് ദിവസത്തിനിടെയാണ് റിപ്പോർട്ട് ചെയ്ത്.
പത്ത് ദിവസത്തിനിടെ 1075 ഡെങ്കി കേസുകളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. 217 എച്ച്1 എൻ1 കേസുകളും 127 എലിപ്പനി കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ മാസം ഡെങ്കിപ്പനി, എലിപ്പനി, എച്ച് 1 എൻ 1 ബാധിച്ച് 26 പേർ മരിച്ചു. ജൂൺ 26ന് റിപ്പോർട്ട് ചെയ്തത് 182 ഡെങ്കി കേസുകളാണ്.