ക്ഷേത്ര പൂജാരി നിയമനം; ബ്രാഹ്മണർ അല്ലാത്തവരെയും നിയമിക്കാം; കേരള ഹൈക്കോടതി
കൊച്ചി: ക്ഷേത്ര പൂജാരിമാരുടെ നിയമനം ഒരു പ്രത്യേക ജാതിയിൽ നിന്നോ വംശത്തിൽ നിന്നോ മാത്രമേ ആകാവൂ എന്ന് ആർക്കും ശഠിക്കാൻ കഴിയില്ലെന്ന് കേരള ഹൈക്കോടതി.
ഇത്തരത്തിലുള്ള നിയമനം മതപരമായ ആചാരമല്ലെന്നും കേരള ഹൈക്കോടതി വിധിച്ചു. ബ്രാഹ്മണർ അല്ലാത്തവരെയും ക്ഷേത്രങ്ങളിലെ ശാന്തിമാരായി നിയമിക്കാം.
ജസ്റ്റിസ് രാജാ വിജയരാഘവൻ വി, ജസ്റ്റിസ് കെവി ജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് നിരീക്ഷണം.
പാർട്ട് ടൈം ക്ഷേത്ര പൂജാരിമാരുടെ നിയമനത്തിനായി ‘തന്ത്ര വിദ്യാലയങ്ങൾ’ നൽകുന്ന പരിചയ സർട്ടിഫിക്കറ്റുകൾ അംഗീകരിക്കാനുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡും (ടിഡിബി) കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡും (കെഡിആർബി) എടുത്ത തീരുമാനം ബെഞ്ച് ശരിവച്ചു.
തന്ത്രി സമാജത്തിൽ നിന്ന് താന്ത്രിക വിദ്യ പഠിച്ചവർക്ക് മാത്രമേ നിയമനം നൽകാവൂ എന്ന അഖില കേരള തന്ത്രി സമാജത്തിന്റെ ഹർജി ഡിവിഷൻ ബെഞ്ച് തള്ളി.
ജാതിപരമായ നിയന്ത്രണം മതപരമായ ആചാരമായി കണക്കാക്കാനാവില്ലെന്നും, അതിനാൽ ഇത്തരം നിയമനങ്ങൾ ഭരണഘടനാ മൂല്യങ്ങൾക്കും സാമൂഹിക നീതിക്കും വിരുദ്ധമാണെന്നും കോടതി വിധിച്ചു.
ജസ്റ്റിസ് രാജാ വിജയരാഘവൻ വി, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഈ ചരിത്രപരമായ വിധി പുറപ്പെടുവിച്ചത്.
“ക്ഷേത്രങ്ങളിൽ പൂജാരിമാരായി സേവനം ചെയ്യാൻ ബ്രാഹ്മണർ മാത്രമേ പാടുള്ളൂ എന്ന നിലപാട് അംഗീകരിക്കാനാവില്ല.
മതാനുഷ്ഠാനങ്ങൾ പാലിക്കുന്നതിൽ വൈദികതയും വിദ്യയും ഉള്ളവർക്ക് അവസരം നൽകണമെന്നതാണ് നിയമത്തിന്റെ ആത്മാവ്,” എന്ന് കോടതി നിരീക്ഷിച്ചു.
തന്ത്രവിദ്യാലയങ്ങൾ നൽകുന്ന പരിശീലന സർട്ടിഫിക്കറ്റുകൾ അടിസ്ഥാനമാക്കി പാർട്ട് ടൈം ക്ഷേത്രപൂജാരിമാരെ നിയമിക്കാനുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെയും കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിന്റെയും (കെഡിആർബി) തീരുമാനം കോടതി ശരിവച്ചു.
ഇതിന്റെ അടിസ്ഥാനത്തിലാണ് അഖില കേരള തന്ത്രി സമാജം സമർപ്പിച്ച ഹർജി ഡിവിഷൻ ബെഞ്ച് തള്ളിയത്.
തന്ത്രിസമാജം കോടതിയിൽ വാദിച്ചത്, ക്ഷേത്രങ്ങളിൽ ശാന്തിമാരായി നിയമനം ലഭിക്കേണ്ടത് തന്ത്രി സമുദായത്തിൽപ്പെട്ടവർക്ക് മാത്രമാണെന്നും, താന്ത്രിക വിദ്യ അവർക്ക് മാത്രമേ ലഭ്യമായിട്ടുള്ളുവെന്നും ആയിരുന്നു. എന്നാൽ ഈ വാദം ഹൈക്കോടതി തള്ളി.
“ശാന്തി നിയമനത്തിൽ ജാതിയോ പാരമ്പര്യമായ അവകാശമോ പരിഗണിക്കേണ്ടതില്ല. താന്ത്രിക വിദ്യയിൽ പരിശീലനം നേടിയാൽ മതിയെന്നും അത് മതപരമായ ആചാരലംഘനം അല്ലെന്നും” കോടതി വ്യക്തമാക്കി.
ദേവസ്വം ബോർഡ് സമർപ്പിച്ച മറുപടിയിൽ, ജാതിവിവേചനം അവസാനിപ്പിക്കാനാണ് പുതിയ നിയമപരിഷ്‌കരണം കൊണ്ടുവന്നതെന്ന് വ്യക്തമാക്കിയിരുന്നു.
“ശാന്തി നിയമനം തന്ത്രി കുടുംബങ്ങളുടെ പാരമ്പര്യ അവകാശമായി കാണാനാവില്ല. നിയമപരമായ യോഗ്യതയും വൈദിക വിദ്യയും ഉള്ളവർക്ക് സമാന അവസരം ലഭിക്കണം,” എന്ന ബോർഡിന്റെ വാദം കോടതി അംഗീകരിച്ചു.
അഖിലകേരള തന്ത്രി സമാജം 2024-ലാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് പ്രസിദ്ധീകരിച്ച യോഗ്യതാ മാനദണ്ഡങ്ങൾ ഭരണഘടനാവിരുദ്ധമാണെന്നായിരുന്നു ഹർജിയുടെ പ്രധാന വാദം.
“ബ്രാഹ്മണ്യം ജന്മാധിഷ്ഠിതമല്ല, അത് ഗുണത്തിലും കർമ്മത്തിലും അധിഷ്ഠിതമാണ്. ചാതുർവർണ്യം ദൈവസൃഷ്ടിയാണെന്നും അതനുസരിച്ചുള്ള പാരമ്പര്യം സംരക്ഷിക്കപ്പെടണം,” എന്നായിരുന്നു ഹർജിക്കാരുടെ വാദം.
എന്നാൽ ബെഞ്ച് ഈ വാദം തള്ളിക്കളഞ്ഞു. “ഭാരതീയ ഭരണഘടന പൗരന്മാർക്ക് സമത്വവും മതസ്വാതന്ത്ര്യവും ഉറപ്പുനൽകുന്നു.
ഒരു പ്രത്യേക ജാതിയെ മാത്രം അടിസ്ഥാനമാക്കി പൂജാരിമാരെ നിയമിക്കുന്നത് ഭരണഘടനയുടെ ആത്മാവിനും സാമൂഹിക നീതിക്കും വിരുദ്ധമാണ്,” എന്ന് കോടതി വ്യക്തമാക്കി.
ഹർജിക്കാർക്ക് വേണ്ടി അഭിഭാഷകൻ കെ.ആർ. രാജ് കുമാർ ഹാജരായി. തിരുവിതാംകൂർ ദേവസ്വം ബോർഡിന് വേണ്ടി സ്റ്റാൻഡിങ് കൗൺസൽ ജി. ബിജു ഹാജരായി. കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിന്റെ ഭാഗത്ത് നിന്ന് വി.വി. നന്ദഗോപാൽ വാദിച്ചു.
കോടതി നിരീക്ഷിച്ചത്, ശാന്തി നിയമനത്തിനുള്ള യോഗ്യതയും മാനദണ്ഡങ്ങളും നിശ്ചയിക്കുന്ന അധികാരം റിക്രൂട്ട്‌മെന്റ് ബോർഡിനുണ്ടെന്നും, അതിനെ ഭരണഘടനാ വിരുദ്ധമായി കാണാനാവില്ലെന്നും ആണ്. അഖില കേരള തന്ത്രിസമാജത്തിന്റെ ഹർജി കഴമ്പില്ലാത്തതാണെന്നും ബെഞ്ച് വ്യക്തമാക്കി.
ഭരണഘടനാ മൂല്യങ്ങൾക്കും അവര്ണരുടെ അവകാശങ്ങൾക്കും പിന്തുണ നൽകുന്ന വിധിയാണിതെന്ന് അഭിഭാഷകൻ ടി.ആർ. രാജേഷ് അഭിപ്രായപ്പെട്ടു. ഈ വിധി മതാനുഷ്ഠാനങ്ങളുടെ പരിധിയിൽ പോലും സാമൂഹിക നീതിയും സമത്വവും ഉറപ്പാക്കുന്ന വിധിയായി വിലയിരുത്തപ്പെടുന്നു.









