ഷെറിന്റെ മോചന ഉത്തരവിറങ്ങി
തിരുവനന്തപുരം: ഭാസ്കര കാരണവർ വധക്കേസിലെ പ്രതി ഷെറിനെ മോചിപ്പിക്കാനുള്ള സർക്കാർ ഉത്തരവിറങ്ങി. നിലവിൽ കണ്ണൂർ സെൻട്രൽ ജയിലിൽ ഷെറിൻ പരോളിൽ കഴിയുകയാണ്.
ജനുവരിയിലെ മന്ത്രിസഭായോഗ തീരുമാനം ഗവർണർ അംഗീകരിച്ചതിനെത്തുടർന്നു ഇന്ന് ആഭ്യന്തരവകുപ്പ് ഉത്തരവിറക്കുകയായിരുന്നു. സർക്കാർ ഉത്തരവ് ജയിലിലെത്തിയാൽ ഉടൻ നടപടികൾ പൂർത്തിയാക്കി ഷെറിൻ ജയിൽ മോചിതയാകും.
ഭാസ്കര കാരണവർ കൊലക്കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയാണ് ഷെറിൻ. കേസിൽ 2009 നവംബറിലാണ് ഷെറിൻ റിമാൻഡിലായത്.
റിമാൻഡ് കാലാവധി കൂടി ശിക്ഷയായി കണക്കാക്കി, 2023 നവംബറിൽ 14 വർഷം തികച്ചിരുന്നു. പിന്നീട് ആദ്യം ചേർന്ന ജയിൽ ഉപദേശകസമിതിയാണു ഷെറിന്റെ അപേക്ഷ പരിഗണിച്ചത്.
ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ്
തിരുവനന്തപുരം: ചെങ്ങന്നൂർ ഭാസ്കരകാരണവർ വധക്കേസ് പ്രതി ഷെറിൻ അടക്കം 11 പേർക്ക് ശിക്ഷായിളവ് നൽകാനുള്ള സർക്കാർ തീരുമാനത്തിന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ അംഗീകാരം നൽകി.
ജീവപര്യന്തം തടവിന് ശിക്ഷിച്ച് 14 വർഷം തടവ് പൂർത്തിയാക്കിയവരെയാണ് ഇപ്പോൾ മോചിപ്പിക്കുന്നത്.
മദ്യപിച്ച് വഴക്കുണ്ടാക്കി അയൽക്കാരെയും ബന്ധുക്കളെയും അപായപ്പെടുത്തിയെന്ന രണ്ടു കേസുകളിൽ ശിക്ഷിക്കപ്പെട്ടവരാണ് ഷെറിനൊപ്പം ജയിൽമോചിതരാകുന്നത്.
മലപ്പുറത്തെ ഒരു കേസിലെ അഞ്ചു പ്രതികളെയും തിരുവനന്തപുരത്തെ സമാനമായ മറ്റൊരു കേസിലെ അഞ്ചു പ്രതികളെയുമാണ് നിലവിൽ വിട്ടയക്കുന്നത്.
നേരത്തേ ഷെറിന് ശിക്ഷായിളവ് നൽകി വിട്ടയക്കണമെന്ന് സംസ്ഥാന സർക്കാർ ശുപാർശചെയ്തിരുന്നു.
എന്നാൽ, ഇവർക്ക് അടിക്കടി പരോൾ കിട്ടിയതും ജയിലിൽ സഹതടവുകാരുമായി ഏറ്റുമുട്ടലുണ്ടായത് പുറത്തുവന്നതും സർക്കാർ ശുപാർശയ്ക്കുശേഷവും ജയിലിൽ പ്രശ്നം സൃഷ്ടിച്ചതും തിരിച്ചടിയായി.
ഇതേത്തുടർന്ന് ഓരോ തടവുകാരുടെയും കുറ്റകൃത്യം, ശിക്ഷ, പരോൾ ലഭ്യമായത്, ജയിലിലെ പെരുമാറ്റം തുടങ്ങിയ വിശദാംശങ്ങൾ പ്രതിപാദിക്കുന്ന ഫോറം രാജ്ഭവൻ ഏർപ്പെടുത്തി.
ശുപാർശയോടൊപ്പം ഈ ഫോറം പൂരിപ്പിച്ച് സർക്കാർ വീണ്ടും ഫയൽ സമർപ്പിക്കുകയായിരുന്നു.
കാരണവർ കൊലക്കേസ് പ്രതി ഷെറിന് ഡിഐജിമായും, ഗണേഷ് കുമാറുമായും വഴിവിട്ട ബന്ധം
തിരുവനന്തപുരം: ഭാസ്കര കാരണവർ വധക്കേസ് പ്രതി ഷെറിന് ലഭിച്ചത് അസാധാരണ പരിഗണന. അതിവേഗത്തിൽ ഷെറിന് മോചനം നൽകാനുള്ള തീരുമാനമുണ്ടായതിന് പിന്നിൽ മന്ത്രിയുടെ ഇടപെടൽ.
ഷെറിന് വഴിവിട്ട സഹായങ്ങൾ ലഭിച്ചുവെന്നാണ് സഹതടവുകാരുടെ വെളിപ്പെടുത്തൽ. തടവുകാർക്കുള്ള സൗകര്യമായിരുന്നില്ല ഷെറിനുള്ളതെന്ന് സഹതടവുകാരി സുനിത പ്രമുഖ മാധ്യമത്തോട് വെളിപ്പെടുത്തി.
അന്നത്തെ ജയിൽ ഡിഐജിയുമായി ഷെറിന് വഴിവിട്ട ബന്ധമുണ്ടായിരുന്നു. ഗണേഷ് കുമാറുമായി ബന്ധമുണ്ടെന്ന് ഷെറിൻ പറഞ്ഞിട്ടുണ്ട്.
ഈ ബന്ധങ്ങളുടെ മറവിൽ ഷെറിന് വഴിവിട്ട പരോൾ ലഭിച്ചു. കാരണവർ കൊലക്കേസിലെ കുറ്റവാളിയായ ഷെറിൻ ‘വി.ഐ.പിയാണ്.
മേയ്ക്കപ്പ് സാധനങ്ങളും ഫോണും ഷെറിന് ജയിലിൽ അനുവദിച്ചുവെന്നും സുനിത പറഞ്ഞു.വധശ്രമ കേസിൽ അട്ടക്കുളങ്ങര വനിതാ ജയിലിലായിരുന്നു സുനിത. ത്യശൂർ പത്താംക്കല്ല് സ്വദേശിനിയാണ് സുനിത.
2015ൽ ഷെറിൻ്റെ സുഖവാസത്തിനെതിരെ പരാതി നൽകിയിരുന്നു. എന്നാൽ അന്നത്തെ ജയിൽ ഉദ്യോഗസ്ഥർ ഷെറിനെ സംരക്ഷിക്കുകയായിരുന്നു.
ഷെറിനെതിരെ പരാതി നൽകിയതിൻ്റെ പേരിൽ സുനിതയ്ക്ക് ഭീഷണി ഉണ്ടാവുകയും ചെയ്തു. സംസ്ഥാനത്ത് ശിക്ഷാകാലയളവിൽ ഏറ്റവുമധികം തവണ പരോൾ ലഭിച്ച തടവുകാരിയാണ് ഷെറിൻ.
Summary: The Kerala government has issued an order to release Sherin, the convict in the Bhaskara Karanavar murder case. Sherin is currently out on parole from Kannur Central Jail.