അധ്യാപകർക്ക് പാമ്പ് പിടിക്കാൻ പരിശീലനം
പാലക്കാട്: സംസ്ഥാനത്തെ അധ്യാപകർക്ക് പാമ്പ് പിടിക്കാൻ പരിശീലനം നൽകാനൊരുങ്ങി വനം വകുപ്പ്. അത്യാവശ്യ ഘട്ടങ്ങളിൽ ശാസ്ത്രിയമായി പാമ്പ് പിടിക്കുന്നത് എങ്ങനെ എന്നതിലാണ് പരിശീലനം നൽകുക.
ഓഗസ്റ്റ് 11 ന് പാലക്കാട് വെച്ചാണ് പരിശീലനം സംഘടിപ്പിക്കുന്നത്. പാലക്കാട് ഉള്ള അധ്യാപകർക്ക് അപേക്ഷിക്കാം. പാമ്പ് കടി ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായിട്ടാണ് പരിശീലനം സംഘടിപ്പിക്കുന്നത്.
ഇത് സംബന്ധിച്ച സർക്കുലർ വനം വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്. അതേസമയം സംസ്ഥാനത്ത് പാമ്പുകടിയേറ്റുള്ള മരണങ്ങള്‍ ഗണ്യമായി കുറയുന്നുവെന്നാണ് വനംവകുപ്പ് പുറത്തുവിട്ട കണക്കുകൾ പറയുന്നത്.
2019ല്‍ 123 പേരാണ് പാമ്പുകടിയേറ്റു മരിച്ചതെങ്കില്‍ 2024-ല്‍ മരിച്ചവരുടെ എണ്ണം 34 ആയി കുറഞ്ഞു. പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ കുറയ്ക്കാനായി സര്‍ക്കാര്‍ ആരംഭിച്ച സര്‍പ്പ ആപ്പ് അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കുന്ന ഘട്ടത്തിലാണ് ഈ നേട്ടം കൈവരിച്ചത്.
കേരളത്തിൽ കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ സംസ്ഥാനത്ത് 921 പേരാണ് വിഷപ്പാമ്പുകളുടെ കടിയേറ്റു മരിച്ചത്. ഇതില്‍ ഏറ്റവും കുറഞ്ഞ മരണനിരക്ക് ഉണ്ടായത് 2024 ലാണ്.
പാമ്പുകടിയേറ്റുള്ള മരണം പൂര്‍ണമായും ഇല്ലാതാക്കാനും ജനവാസ മേഖലയിലെത്തിയ പാമ്പുകളെ സുരക്ഷിതമായി വനമേഖലയില്‍ എത്തിക്കുന്നതിനും വേണ്ടി സര്‍ക്കാര്‍ 2020ല്‍ ആരംഭിച്ച സര്‍പ്പ ആപ്പ് മരണം കുറയ്ക്കാന്‍ സഹായകമാവുന്നുണ്ടെന്നാണ് റിപ്പോർട്ട്.
സ്‌കൂളിലെ മേശക്കുള്ളിൽ മൂർഖൻ പാമ്പ്
തൃശൂർ: സ്കൂളിലെ മേശക്കുളിൽ മൂർഖൻ പാമ്പിനെ കണ്ടെത്തി. തൃശൂർ കുരിയച്ചിറയിലാണ് സംഭവം. സെന്റ് പോൾസ് പബ്ലിക് സ്‌കൂളിലെ മൂന്നാം ക്ലാസ്സിലെ സി ഡിവിഷനിലാണ് പാമ്പിന്റെ കണ്ടത്.
പുസ്തകം എടുക്കാൻ വേണ്ടി മേശവലിപ്പ് തുറന്നപ്പോളാണ് പാമ്പ് കിടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടത്. തലനാരിഴയ്ക്കാണ് കുട്ടികൾ രക്ഷപ്പെട്ടത്.
തുടർന്ന് സ്‌കൂൾ അധികൃതർ ഉടൻ തന്നെ കുട്ടികളെ ക്ലാസ്സിൽ നിന്നും മാറ്റുകയായിരുന്നു. പാമ്പിനെ അവിടെ നിന്ന് മാറ്റിയതിനുശേഷം ആണ് കുട്ടികളെ ക്ലാസിനകത്തേക്ക് പ്രവേശിപ്പിച്ചത്.
ഇന്ന് രാവിലെയാണ് സംഭവം. കുട്ടികൾ തന്നെയാണ് പാമ്പിനെ കണ്ടത്. അതേസമയം മേശയ്ക്കുള്ളിൽ പാമ്പ് എങ്ങനെ വന്നുവെന്ന് അറിയില്ലെന്ന് സ്കൂൾ അധികൃതർ പറഞ്ഞു.
കേരളത്തിൽ ഇനി ആരും പാമ്പുകടിയേറ്റ് മരിക്കരുത്
തിരുവനന്തപുരം: സംസ്ഥാനത്ത് പാമ്പ് വിഷത്തിന് പ്രതിവിധി വികസിപ്പിക്കുന്നതിൽ വനം, ആരോഗ്യ വകുപ്പുകൾ കൈകോർക്കാൻ ഒരുങ്ങുന്നു. പാമ്പിൻവിഷത്തിന്റെ തീവ്രത ഓരോ പ്രദേശത്തും വ്യത്യാസപ്പെടുന്നത് കണക്കിലെടുത്താണ് തദ്ദേശീയമായി മരുന്ന് വികസിപ്പിക്കാനുള്ള നീക്കം.
മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വാങ്ങുന്ന ആന്റിവെനത്തേക്കാൾ കൂടുതൽ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുന്നവ നിർമ്മിക്കാനാണ് നീക്കം.
നിലവിൽ ഇന്ത്യയിലെ മൊത്തം പാമ്പുകടി മരണങ്ങളിൽ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിന്റെ പങ്ക് കുറവാണ്. ഇത് എടുത്തുകാണിച്ചുകൊണ്ട് 2030 ആകുമ്പോഴേക്കും ഇത്തരം മരണങ്ങൾ പൂജ്യം ആക്കുക എന്ന ലക്ഷ്യത്തിൽ മുന്നിട്ട് ഇറങ്ങുന്നതെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ ലോക പാമ്പ് ദിന പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് അറിയിച്ചു.
സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, ലോകമെമ്പാടുമായി ഏകദേശം 82,000 പാമ്പുകടി മരണങ്ങൾ സംഭവിക്കുന്നുണ്ട്.
അതിൽ പകുതിയും ഇന്ത്യയിലാണ്. 2019-ൽ 119 ആയിരുന്ന മരണസംഖ്യ 2024-ൽ 30 ആയി കുറഞ്ഞിരുന്നു. ഇതും കുറച്ചുകൊണ്ടുവരാനാണ് ഇപ്പോഴത്തെ ശ്രമമെന്നും അദ്ദേഹം കൂട്ടിചേർത്തു.
Summary: The Kerala Forest Department is preparing to provide snake-handling training to school teachers across the state. The initiative aims to equip teachers with scientific methods for safely capturing snakes during emergencies.