ആനന്ദവല്ലിക്ക് മരുന്ന് വാങ്ങാൻ 10,000 രൂപ
തൃശൂർ: തൃശ്ശൂരിൽ കലുങ്ക് സംവാദത്തിനിടെ കേന്ദ്രമന്ത്രി സുരേഷ് ഗോപി പരിഹസിച്ച വയോധികയ്ക്ക് 10,000 രൂപ തിരിച്ചുനൽകി കരുവന്നൂർ ബാങ്ക്. ഇരിങ്ങാലക്കുട സ്വദേശി ആനന്ദവല്ലിക്ക് മരുന്നു വാങ്ങുന്നതിനായി ആവശ്യപ്പെട്ട തുകയാണ് ബാങ്ക് അനുവദിച്ചത്.
കലുങ്ക് വിവാദത്തിനു പിന്നാലെ സിപിഎം പ്രവർത്തകരാണ് ആനന്ദവല്ലിയെ കരുവന്നൂർ ബാങ്കിലെത്തിച്ചത്.
കഴിഞ്ഞ ദിവസം സുരേഷ് ഗോപി നടത്തിയ കലുങ്ക് സംവാദത്തിനിടെയാണ് കരുവന്നൂർ ബാങ്കിൽ നിക്ഷേപിച്ച തുക തിരികെക്കിട്ടാൻ സഹായിക്കുമോയെന്ന് ആനന്ദവല്ലി ചോദിച്ചത്.
എന്നാൽ മുഖ്യമന്ത്രിയോട് ചോദിക്കാനായിരുന്നു സുരേഷ് ഗോപി മറുപടി നൽകിയത്. എന്നും സുരേഷ് ഗോപി പറഞ്ഞു. മുഖ്യമന്ത്രിയെ തിരക്കി തനിക്കു പോകാൻ പറ്റുമോയെന്ന് ആനന്ദവല്ലി ചോദിച്ചതോടെ ‘എന്റെ നെഞ്ചത്തോട്ട് കയറിക്കോ’ എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.
കേന്ദ്രമന്ത്രിയുടെ ഈ പരിഹാസം വലിയ വിഷമമുണ്ടാക്കിയെന്ന് ആനന്ദവല്ലി പിന്നീട് പ്രതികരിച്ചിരുന്നു. 1.75 ലക്ഷം രൂപയുടെ നിക്ഷേപമാണ് കരുവന്നൂർ ബാങ്കിൽ ആനന്ദവല്ലിക്കുള്ളത്.
സുരേഷ് ഗോപിയുടെ മറുപടി വേദനിപ്പിച്ചെന്ന് വയോധിക
തൃശൂര്‍: കരുവന്നൂര്‍ ബാങ്കിലുള്ള തന്റെ നിക്ഷേപം എന്ന് കിട്ടുമോ എന്ന ചോദ്യത്തിന് കേന്ദ്രമന്ത്രി സുരേഷ് ഗോപി നല്‍കിയ മറുപടി ഏറെ വേദനിപ്പിച്ചെന്ന് പൊറത്തിശേരി സ്വദേശി ആനന്ദവല്ലി.
‘അങ്ങേരുടെ സ്വഭാവം അങ്ങനെ ആയിരിക്കുമെന്ന് ഞാന്‍ വിചാരിക്കുന്നു. എങ്കിലും നല്ലൊരു വാക്ക് പറയാമായിരുന്നു. അതില്‍ ഒരു വിഷമം ഉണ്ട്’ – എന്നാണ് ആനന്ദവല്ലിയുടെ പ്രതികരണം.
കഴിഞ്ഞ ദിവസം രാവിലെ കലുങ്ക് സഭക്കിടെ ഇരിങ്ങാലക്കുടയില്‍ വെച്ചാണ് സംഭവം. കരുവന്നൂര്‍ സഹകരണ ബാങ്കിലെ തന്റെ നിക്ഷേപം എന്നു കിട്ടുമെന്നായിരുന്നു സുരേഷ് ഗോപിയോട് ആനന്ദവല്ലി ചോദിച്ചത്.
അതിന് മുഖ്യമന്ത്രിയെ സമീപിക്കൂ എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി ഇതോടെ മുഖ്യമന്ത്രിയെ തിരക്കി തനിക്ക് പോകാന്‍ പറ്റുമോ എന്നു ആനന്ദവല്ലി തിരിച്ചു ചോദിച്ചു.
പിന്നാലെ ‘എന്റെ നെഞ്ചത്തോട്ട് കയറിക്കോ’ എന്ന് സുരേഷ് ഗോപി പരിഹാസത്തോടെ മറുപടി നല്‍കുകയായിരുന്നു.
‘നമ്മള്‍ ഒരു കാര്യം ഒരാളോട് ചോദിച്ചാല്‍, നല്ലൊരു വാക്കില്ലേ, ചേച്ചി അത് കിട്ടും. നല്ലൊരു വാക്ക് പറഞ്ഞില്ല. അതില്‍ ഒരു വിഷമം ഉണ്ട്’- എന്ന് ആനന്ദവല്ലി കൂട്ടിച്ചേര്‍ത്തു.
അതിനിടെ കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപം എന്ന് കിട്ടുമെന്ന ചോദ്യത്തിന് സുരേഷ് ഗോപി നല്‍കിയ മറുപടി സോഷ്യൽ മീഡിയയില്‍ വ്യാപകമായി ചര്‍ച്ചയാകുകയാണ്.
‘കരുവന്നൂര്‍ ബാങ്കില്‍ നിന്ന് ഇഡി പിടിച്ചെടുത്ത പണം തിരികെ തരാന്‍ മുഖ്യമന്ത്രി തയാറുണ്ടോ? ഇഡി പിടിച്ചെടുത്ത പണം തിരിച്ച് ബാങ്കിലിട്ട് നിങ്ങള്‍ക്കു തരാനുള്ള സംവിധാനം ഒരുക്കാന്‍ തയാറുണ്ടെങ്കില്‍, ആ പണം സ്വീകരിക്കാന്‍ നിങ്ങളുടെ മുഖ്യമന്ത്രിയോട് പറയൂ.
പരസ്യമായിട്ടാണ് ഞാന്‍ ഇത് പറയുന്നത്. അല്ലെങ്കില്‍ നിങ്ങളുടെ എംഎല്‍എയെ കാണൂ’- എന്ന് സുരേഷ് ഗോപി പറഞ്ഞു.
Summary: Karuvannur Bank returned ₹10,000 to Irinjalakuda native Anandavalli, the elderly woman ridiculed by Union Minister Suresh Gopi during the Kalunk dialogue in Thrissur.