ഇരവിപുരം പിടിക്കാൻ എൻ.കെ. പ്രേമചന്ദ്രന്റെ മകൻ; ഇതിന് മക്കൾ രാഷ്ട്രീയം എന്ന് പറയാനാകുമോ?
കൊല്ലം: ആർ.എസ്.പി നേതാവും കൊല്ലം എം.പിയുമായ എൻ.കെ. പ്രേമചന്ദ്രന്റെ മകൻ കാർത്തിക് പ്രേമചന്ദ്രൻ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നുവെന്ന സൂചനകൾ ശക്തമാകുന്നു.
ഇരവിപുരം നിയമസഭാ മണ്ഡലത്തിൽ കാർത്തിക് പ്രേമചന്ദ്രനെ മത്സരിപ്പിക്കാനുള്ള നീക്കങ്ങൾ പാർട്ടിതലത്തിൽ സജീവമാണെന്നാണ് റിപ്പോർട്ട്.
ഇതുസംബന്ധിച്ച് അനൗദ്യോഗിക ചർച്ചകൾ നടന്നതായും സൂചനയുണ്ട്.
കൊല്ലം ടി.കെ.എം എൻജിനീയറിംഗ് കോളേജിലെ മെക്കാനിക്കൽ എൻജിനീയറിംഗ് വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസറാണ് കാർത്തിക് പ്രേമചന്ദ്രൻ.
നിലവിൽ മത്സരിക്കാൻ അദ്ദേഹം താൽപ്പര്യം പ്രകടിപ്പിച്ചിട്ടില്ലെന്നാണ് അറിയുന്നത്. എന്നാൽ പാർട്ടി ഒറ്റക്കെട്ടായി തീരുമാനമെടുത്താൽ മത്സരിക്കാൻ തയ്യാറാകുമെന്ന വിലയിരുത്തലും ഉയരുന്നുണ്ട്.
പാർട്ടി തീരുമാനമാണ് നിർണായകമെന്നും മകനുവേണ്ടി വാദിക്കില്ലെന്ന നിലപാടിലാണ് എൻ.കെ. പ്രേമചന്ദ്രൻ.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ആർ.എസ്.പി നേതാവും മുൻ മന്ത്രിയുമായ ടി.കെ. ദിവാകരന്റെ മകൻ ബാബു ദിവാകരനായിരുന്നു ഇരവിപുരത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി.
മണ്ഡലം കൈവിട്ടുപോയ സാഹചര്യത്തിൽ കാർത്തിക് പ്രേമചന്ദ്രനിലൂടെ അത് തിരിച്ചുപിടിക്കാമെന്നാണ് പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ കണക്കുകൂട്ടൽ.
മക്കൾ രാഷ്ട്രീയം എന്ന ആരോപണം കാർത്തിക് മത്സരിച്ചാൽ വലിയ രീതിയിൽ ഉയരില്ലെന്നാണ് ആർ.എസ്.പിയിലെയും യു.ഡി.എഫിലെയും ഒരു വിഭാഗത്തിന്റെ വിലയിരുത്തൽ.
മൂന്ന് ലോക്സഭാ തിരഞ്ഞെടുപ്പുകളിലും എൻ.കെ. പ്രേമചന്ദ്രന്റെ പ്രചാരണങ്ങൾക്ക് ചുക്കാൻപിടിച്ചത് കാർത്തിക്കായിരുന്നു. ചവറയിൽ ഷിബു ബേബി ജോണിനുവേണ്ടിയും കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പുകളിലും കാർത്തിക് സജീവമായി പ്രവർത്തിച്ചിരുന്നു.
ഇതിലൂടെ പ്രേമചന്ദ്രന്റെ മകനെന്ന നിലയ്ക്ക് മാത്രമല്ല, ജില്ലാതലത്തിൽ തന്നെ കാർത്തിക് പരിചിതനായതായി അവർ ചൂണ്ടിക്കാണിക്കുന്നു.
അതേസമയം, കാർത്തിക്കിനെ സ്ഥാനാർത്ഥിയാക്കുന്നത് ആർ.എസ്.പിയിൽ ‘മക്കൾ രാഷ്ട്രീയം’ മാത്രമാണ് നിലനിൽക്കുന്നതെന്ന ആരോപണം കൂടുതൽ ശക്തമാക്കുമെന്ന വിമർശനവും ഉയരുന്നുണ്ട്.
ജനങ്ങൾക്കിടയിൽ സ്വാധീനമുള്ള മറ്റ് നേതാക്കളെയും പരിഗണിക്കണമെന്നാണ് മറുഭാഗത്തിന്റെ നിലപാട്.
English Summary:
Reports suggest that Karthik Premachandran, son of RSP leader and Kollam MP N.K. Premachandran, may enter active politics. The RSP is reportedly considering him as a candidate for the Eravipuram Assembly constituency, though concerns about dynastic politics and internal opposition remain.
karthik-premachandran-rsp-eravipuram-candidature
RSP, NK Premachandran, Karthik Premachandran, Eravipuram, Kerala Politics, UDF, Dynastic Politics









