മാർക്ക് കുറഞ്ഞതിൽ മനോവിഷമം; എട്ടാം ക്ലാസ് വിദ്യാർത്ഥി വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ
കണ്ണൂർ: കണ്ണൂർ പരിയാരത്ത് എട്ടാം ക്ലാസ് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. കുട്ടി ജീവനൊടുക്കിയത് പരീക്ഷയിൽ മാർക്ക് കുറഞ്ഞതിലെ മനോവിഷമം കാരണമെന്ന് പൊലീസ് പറഞ്ഞു. ഞായറാഴ്ച്ച വൈകീട്ടാണ് പിലാത്തറ മേരിമാത സ്‌ക്കൂളിലെ എട്ടാംക്ലാസ് വിദ്യാർത്ഥി അജുൽരാജിനെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
പന്ത്രണ്ടുകാരനായ അജുൽരാജ് പിലാത്തറ സ്വദേശി രാജേഷിന്റയും വിജിനയുടെയും മകനാണ് . മാർക്ക് കുറഞ്ഞതിൽ കുട്ടി വീട്ടിൽ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. സംഭവത്തിൽ പരിയാരം പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
18കാരി മരിച്ച നിലയിൽ
തിരുവനന്തപുരം: ഐടിഐ വിദ്യാർഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം വിഴിഞ്ഞം വെങ്ങാനൂർ വെണ്ണിയൂരിലാണ് സംഭവം. വെണ്ണിയൂർ നെല്ലിവിള നെടിഞ്ഞൽ കിഴക്കരിക് വീട്ടിൽ അജുവിന്റെയും സുനിതയുടെയും മകൾ അനുഷ (18) യെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
അയൽ വീട്ടുകാർ അസഭ്യ വർഷം നടത്തിയതിനെ തുടർന്നുള്ള മനോവിഷമമാണ് ആത്മഹത്യയ്ക്കു കാരണമെന്നാണ് പരാതി.അയൽവക്കത്തെ സ്ത്രീ ഉൾപ്പെടെയുള്ളവർ എത്തി അനുഷയെ ചീത്ത പറഞ്ഞെന്നും അതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും ചൂണ്ടിക്കാട്ടി വിഴിഞ്ഞം പൊലീസിൽ പരാതി നൽകിയതായി പിതാവ് അറിയിച്ചു. പരാതിയിൽ പറയുന്ന സംഭവം നടക്കുന്ന സമയത്ത് അനുഷയും രോഗിയായ മുത്തച്ഛൻ നേശമണിയും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. അയൽവീട്ടുകാരുമായി ഇവർ നേരത്തെ തന്നെ പ്രശ്നം ഉണ്ടായിരുന്നെന്ന് പോലീസ് പറയുന്നു.
അവിടുത്തെ മരുമകൾ അനുഷ താമസിക്കുന്ന വീടിന്റെ പുരയിടം വഴി വന്നു എന്നതിനെ ചൊല്ലിയായിരുന്നു പ്രശ്നമെന്നും പൊലീസ് വ്യക്തമാക്കി. സംഭവ സമയത്ത് പുറത്തുപോയിരുന്ന തന്നെ മകൾ ഫോണിൽ വിളിച്ച് വിവരം പറഞ്ഞു കരഞ്ഞെന്ന് പിതാവ് പറയുന്നു. ഉടനെ തന്നെ പിതാവ് എത്തിയെങ്കിലും മകൾ മനോവിഷമത്തിൽ ആത്മഹത്യ ചെയ്തുവെന്നും പിതാവ് പരാതിയിൽ പറയുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് അനുഷ മരിച്ചത്.
ഇരുനില വീടിൻറെ രണ്ടാം നിലയിലെ മുറിയിലെ ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു അനുഷയെ കണ്ടെത്തിയത്. സംഭവത്തിൽ അസ്വഭാവിക മരണത്തിന് കേസ് എടുത്തെന്നും വിശദാന്വേഷണം ആരംഭിച്ചതായും വിഴിഞ്ഞം പൊലീസ് അറിയിച്ചു. ധനുവച്ചപുരം ഐടിഐയിൽ പ്രവേശനം നേടി ക്ലാസ് തുടങ്ങുന്നത് കാത്തിരിക്കുകയായിരുന്നു അനുഷ. സഹോദരി: ആരതി.
കാണാതായ ഐടിഐ വിദ്യാർത്ഥി മരിച്ച നിലയിൽ
പാലക്കാട്: പറമ്പിക്കുളത്ത് കാണാതായ ഐടിഐ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. എർത്ത് ഡാം ഉന്നതിയിൽ മുരുകപ്പൻ്റെ മകൻ അശ്വിൻ (21) ആണ് മരിച്ചത്.
വനത്തിൽ തൂങ്ങി മരിച്ച നിലയിലാണ് അശ്വിനെ കണ്ടെത്തിയത്. പറമ്പിക്കുളം ടൈഗർ ഹാളിൽ നടന്ന ക്യാമ്പിൽ പങ്കെടുക്കാൻ പോയതായിരുന്നു അശ്വിൻ. എന്നാൽ ക്യാമ്പ് മൂന്ന് കിലോ മീറ്റർ അകലെയുള്ള വീട്ടിലേക്ക് മടങ്ങിയ വിദ്യാർത്ഥിയെ കാണാതാവുകയായിരുന്നു.
തുടർന്ന് അശ്വിന്റെ അച്ഛൻ മുരുകൻ പറമ്പിക്കുളം പോലീസിൽ പരാതി നൽകിയിരുന്നു. പിന്നാലെ നാട്ടുകാരും വനം വകുപ്പ് ജീവനക്കാരും പൊലീസുകാരും നടത്തിയ തിരച്ചിലിനിടെ തേക്ക് പ്ലാൻ്റേഷൻ ഭാഗത്ത് മരത്തിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
ജില്ലാ ആശുപത്രിയിലെത്തിച്ച മൃതദേഹം നാളെ കാലത്ത് പൊലീസിൻ്റെ ഇൻക്വസ്റ്റ് നടപടിക്ക് ശേഷം പോസ്റ്റ്‌മോർട്ടം നടത്തും. അട്ടപ്പാടി ഐ ടി ഐയിൽ മെക്കാനിക്കൽ സെക്ഷനിൽ വിദ്യാർത്ഥിയായിരുന്നു.
A Class 8 student in Kannur, Kerala, died by suicide allegedly due to stress over exam marks. Police urge increased attention to student mental health and academic pressure.