റോഡിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതെ ഡ്രൈവർ കാർ മുന്നോട്ടെടുത്തു; കാറിനടിയിൽ പെട്ട് കുട്ടിക്ക് ഗുരുതര പരിക്ക്; വീഡിയോ കാണാം
കളിച്ചുകൊണ്ടിരിക്കുന്നതിനിടെ കാർ ഇടിച്ചുതെറിപ്പിച്ച് ആൺകുട്ടിക്ക് ഗുരുതര പരിക്ക്. ഓഗസ്റ്റ് 11 വൈകിട്ട് 4:43 ഓടെയാണ് സംഭവം നടന്നത്. പരേഷ് പാർമർ എന്നയാളുടെ X അക്കൗണ്ടിലൂടെ പങ്കുവെച്ച സിസിടിവി ദൃശ്യങ്ങളാണ് സംഭവത്തെക്കുറിച്ചുള്ള ചര്‍ച്ച ശക്തമാക്കിയത്.
കാഞ്ചർമാർഗ് എംഎംആർഡിഎ കോളനി റോഡിൽ കളിച്ചുകൊണ്ടിരിക്കെ ഒരു കാർ ഇടിച്ച് ആൺകുട്ടിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവം സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായി.
വൈറൽ വീഡിയോയിൽ, റോഡരികിൽ കളിക്കുന്ന രണ്ട് കുട്ടികളെ കാണാം. ഒരു ബൈക്കിനെ ചുറ്റി അവർ തമ്മിൽ ഓടിക്കൊണ്ടിരിക്കുമ്പോൾ, സമീപത്ത് നിർത്തിയിരുന്ന ഒരു ഓട്ടോ-റിക്ഷയ്ക്കു പിന്നിലൂടെ ഒരു കാർ വളവ് തിരിഞ്ഞ് എത്തുന്നു. കുറച്ച് നേരം കാർ അവിടെ നിർത്തിയിട്ടു, പിന്നെ വീണ്ടും മുന്നോട്ട് നീങ്ങുന്നു.
അതിനിടെ, ഒരു കുട്ടി തെരുവിൽ എന്തോ എടുത്ത് ഇരിക്കുകയായിരുന്നു. കുട്ടി ഡ്രൈവറുടെ ബ്ലൈൻഡ് സ്പോട്ടിൽ ആയതിനാൽ, കാറിനകത്തു നിന്നും അവനെ കാണാൻ കഴിഞ്ഞില്ലെന്ന് മനസിലാക്കുന്നു. കാർ അടുത്തെത്തുമ്പോൾ, കുട്ടി പെട്ടെന്ന് എഴുന്നേറ്റു മുന്നോട്ട് നീങ്ങിയതും അതേ സമയം കാർ മുന്നോട്ടുപോയതും മൂലം വാഹനം നേരിട്ട് കുട്ടിയെ ഇടിച്ചു. കുട്ടി താഴെ വീണതിനു ശേഷം കാർ അവന്റെ മേൽ കയറിയതായി ദൃശ്യങ്ങളിൽ വ്യക്തമാണ്.
ചുറ്റുമുണ്ടായിരുന്നവർ ഉടൻ ഓടിക്കൂടി, ഡ്രൈവറോട് കാർ പിന്നോട്ടെടുക്കാൻ ആവശ്യപ്പെട്ടു. വാഹനം പിന്നോട്ടെടുത്തതിന് ശേഷം, ഒരു സ്ത്രീ കുട്ടിയെ എടുത്ത് ചുമലിൽ ചുമന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ സിയോൺ ആശുപത്രിയിലേക്ക് മാറ്റി. തലയ്ക്കും കൈകൾക്കും ഗുരുതര പരിക്കുകളാണ് ഉണ്ടായിരിക്കുന്നത്.
കുട്ടിയുടെ പിതാവ് ഡ്രൈവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായും ഖേർവാഡി പോലീസ് അശ്രദ്ധമായ വാഹനമോടിച്ചതിന് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (IPC) അനുയോജ്യമായ വകുപ്പുകൾ പ്രകാരം കേസ് എടുത്തതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇപ്പോൾ കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്, സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
4വയസ്സുകാരൻ മരിച്ച സംഭവം; കാർ ഡ്രൈവർ അറസ്റ്റിൽ
കോട്ടയം: വാഗമണ്ണിൽ ചാർജിങ് സ്റ്റേഷനിൽ കാർ ഇടിച്ചു കയറി നാലുവയസ്സുകാരൻ മരിച്ച സംഭവത്തിൽ കാർ ഡ്രൈവറുടെ അറസ്റ്റ് രേഖപ്പെടുത്തി. കരുനാഗപ്പള്ളി സ്വദേശി ജയകൃഷ്ണൻ ഓടിച്ച കാറാണ് ചാർജിങ് സ്റ്റേഷനിലേക്ക് ഇടിച്ച് കയറിയത്.പൊലീസ് പിന്നീട് ഇയാളെ ജാമ്യത്തിൽ വിട്ടു. കഴിഞ്ഞ പന്ത്രണ്ടിനായിരുന്നു അപകടം.
ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് മോട്ടർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ റിപ്പോർട്ട്. സ്റ്റേഷനിൽ ഉണ്ടായ അപകടത്തിൻ്റെ ഡമ്മി പരീക്ഷണം പൊലീസും മോട്ടോർ വാഹന വകുപ്പും നടത്തി. തിരുവനന്തപുരം നേമം സ്വദേശി ശബരീനാഥ്-ആര്യ ദമ്പതികളുടെ മകൻ നാലു വയസുള്ള അയാൻഷ്നാഥ് ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ അമ്മ ആര്യ ചികിൽസയിലാണ്.
കാർ ഇടിച്ചു കയറി നാലുവയസ്സുകാരന് ദാരുണാന്ത്യം
കോട്ടയം: കാർ ചാര്‍ജിങ് സ്റ്റേഷനിലേക്ക് ഇടിച്ചു കയറി നാലുവയസ്സുകാരന്‍ മരിച്ചു. വാഗമണ്‍ വഴിക്കടവിലാണ് ദാരുണ സംഭവം നടന്നത്. നേമം സ്വദേശി ആര്യയുടെ മകന്‍ അയാന്‍ ആണ് മരിച്ചത്.
അപകടത്തിൽ ആര്യയ്ക്കും ഗുരുതരമായി പരിക്കേറ്റു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ശനിയാഴ്ച വൈകുന്നേരം മൂന്നുമണിയോടെയായിരുന്നു അപകടമുണ്ടായത്.
കാര്‍ ചാര്‍ജ് ചെയ്യാന്‍ നിര്‍ത്തിയിട്ട് ചാര്‍ജിങ് സ്‌റ്റേഷന്റെ മറ്റൊരു ഭാഗത്ത് കസേരയില്‍ ഇരിക്കുകയായിരുന്നു ആര്യയും മകനും. ഇതിനിടെ ചാര്‍ജ് ചെയ്യാന്‍ എത്തിയ മറ്റൊരു കാര്‍ നിയന്ത്രണം വിട്ട് ഇവരുടെ ദേഹത്തേക്ക് ഇടിച്ചുകയറുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ആര്യയെ പാലായിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അയാനെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
പാല പോളിടെക്‌നിക് കോളേജിലെ അധ്യാപികയാണ് ആര്യ. അപകടമുണ്ടാക്കിയ കാര്‍ ഈരാറ്റുപേട്ട സ്വദേശിയുടേതാണ് എന്നാണ് ലഭ്യമായ വിവരം.
മൂവാറ്റുപുഴയിൽ വാഹനാപകടം
കൊച്ചി: മൂവാറ്റുപുഴയിൽ സ്വകാര്യ ബസും ഗ്യാസ് ലോറിയും കൂട്ടിയിടിച്ച് 25 ഓളം പേർക്ക് പരുക്കേറ്റു. ആരുടേയും നില ഗുരുതരമല്ലന്നാണ് വിവരം.
ശനിയാഴ്ച്ച രാവിലെ പോത്താനിക്കാട് മൂവാറ്റുപുഴ റോഡിൽ കക്കടശ്ശേരിയിലാണ് അപകടം സംഭവിച്ചത്.
മൂവാറ്റുപുഴയിലേക്ക് പോകുകയായിരുന്ന ബസും എതിർ ദിശയിൽ വന്ന ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഇടിയിൽ വാങ്ങൽ ഭാഗീകമായി തകർന്നു. രാവിലെ 8 മണിക്കാണ് അപകടം സംഭവിച്ചതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.
ബസിലെ യാത്രക്കാർക്കും ലോറി ഡ്രൈവർക്കുമാണ് അപകടത്തിൽ പരുക്കേറ്റത്. പരുക്കേറ്റവരെ കോതമംഗലത്തെയും മൂവാറ്റുപുഴയിലെയും വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
English Summary :
A shocking road accident in Mumbai’s Kanjurmarg MMRDA Colony left a young boy critically injured after being run over by a car while playing near the roadside.